തുടർച്ചയായ ഛർദ്ദി, വയറിളക്കം, അലസത, വരണ്ട വായ, അല്ലെങ്കിൽ ചർമ്മത്തിന്റെ മഞ്ഞനിറം എന്നിവ നിർജ്ജലീകരണത്തെയോ മഞ്ഞപ്പിത്തത്തെയോ സൂചിപ്പിക്കുന്നതായും ആരോഗ്യ വിദഗ്ധർ പറയുന്നു.
മഴക്കാലത്ത് നിരവധി രോഗങ്ങൾ പിടിപെടാം. പ്രത്യേകിച്ച് കുട്ടികളിൽ രോഗങ്ങൾ വളരെ പെട്ടെന്നാകും പിടിപെടുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നത് മൂലം കൊതുകുകൾ പരത്തുന്ന ഡെങ്കി, മലേറിയ, കോളറ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.
ഈ സീസണിൽ കുട്ടികളിൽ മഴക്കാല അണുബാധകൾ ഏകദേശം 40% വർദ്ധിച്ചതായി പൂനെയിലെ സൂര്യ മദർ ആൻഡ് ചൈൽഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും പീഡിയാട്രിക്സ് അക്കാദമിക് ഹെഡുമായ ഡോ. രോഹിണി നഗാർക്കർ പറയുന്നു. വെള്ളം കെട്ടിനിൽക്കൽ, മോശം ഡ്രെയിനേജ്, കുടിവെള്ള വിതരണത്തിലെ മലിനീകരണം എന്നിവയുടെ സംയോജനമാണ് ഈ വർദ്ധനവിന് കാരണമായതെന്നും അവർ പറയുന്നു.
ഇ.കോളി, റോട്ടവൈറസ്, ഹെപ്പറ്റൈറ്റിസ് എ, കോളറ തുടങ്ങിയ രോഗകാരികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലും വൃത്തിഹീനമായ ചുറ്റുപാടുകളിലും വളരുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നതും വൃത്തിഹീനമായ ചുറ്റുപാടുകളിലേക്കുള്ള കൂടുതൽ സമ്പർക്കവും കാരണം കുട്ടികൾ പ്രത്യേകിച്ച് അപകടസാധ്യതയുള്ളവരാണ്. തെരുവ് ഭക്ഷണം, ഒരു പങ്കിട്ട കുപ്പി മറ്റൊരാൾ ഉപയോഗിക്കുക എന്നിവയൊക്കെ രോഗ സാധ്യത കൂട്ടുന്നു.
വയറുവേദന അല്ലെങ്കിൽ ക്ഷീണം പോലുള്ള പ്രാരംഭ ലക്ഷണങ്ങൾ നേരിയതായി തോന്നുമെങ്കിലും പെട്ടെന്ന് അത് വർദ്ധിച്ചേക്കാം. തുടർച്ചയായ ഛർദ്ദി, വയറിളക്കം, അലസത, വരണ്ട വായ, അല്ലെങ്കിൽ ചർമ്മത്തിന്റെ മഞ്ഞനിറം എന്നിവ ഗുരുതരമായ നിർജ്ജലീകരണത്തെയോ മഞ്ഞപ്പിത്തത്തെയോ സൂചിപ്പിക്കുന്നതായും ആരോഗ്യ വിദഗ്ധർ പറയുന്നു.
മുൻകരുതലുകൾ സ്വീകരിച്ചാൽ മഴക്കാല രോഗങ്ങളെ ഒരു പരിധി വരെ തടയാൻ കഴിയും. തിളപ്പിച്ച വെള്ളം, കൈകളുടെ ശുചിത്വം പാലിക്കൽ, തെരുവ് ഭക്ഷണം ഒഴിവാക്കൽ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എന്നിവയ്‌ക്കെതിരെ വാക്സിനേഷൻ എടുക്കുന്നത് നല്ലതാണ്. ഈ ജലജന്യരോഗങ്ങൾ വർധിക്കുന്നത് കുട്ടികളിലും അണുബാധ ഉണ്ടാകാൻ സാധ്യത കൂട്ടുന്നു. ഇത്തരം രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പരിസരം ശുചിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്.
മറ്റൊന്ന്, ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാനമാണ്. കൊതുക് മുട്ടയിട്ട് പെരുകാതിരിക്കാൻ ഇത് സഹായിക്കും. കുട്ടികൾക്ക് കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകുവല ഉപയോഗിക്കുന്നതും നല്ലതാണ്. അതോടൊപ്പം കൊതുകുനാശിനികളും ഉപയോഗിക്കാം. മഴക്കാലത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കുക ചെയ്യും.


