പുരുഷന്മാർ 40-കളിലേക്ക് കടക്കുമ്പോൾ അവരുടെ മെറ്റബോളിസത്തിൽ നേരിയ കുറവുണ്ടാകും. വർദ്ധിച്ചുവരുന്ന സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ നിരവധി ആരോഗ്യ അവസ്ഥകൾക്ക് വഴിയൊരുക്കുന്നു.

നവംബർ 19 നാണ് അന്താരാഷ്ട്ര പുരുഷ ദിനം. പുരുഷന്മാർ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധ ദിനമാണ് അന്താരാഷ്ട്ര പുരുഷ ദിനം. 40 വയസ് കഴിയുന്നതോടെ പുരുഷന്മാരിൽ അവരുടെ ശരീരം മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്ന നിരവധി ശാരീരിക മാറ്റങ്ങൾക്ക് വിധേയമാകുന്നു.

പുരുഷന്മാർ 40 - കളിലേക്ക് കടക്കുമ്പോൾ അവരുടെ മെറ്റബോളിസത്തിൽ നേരിയ കുറവുണ്ടാകും. വർദ്ധിച്ചുവരുന്ന സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ നിരവധി ആരോഗ്യ അവസ്ഥകൾക്ക് വഴിയൊരുക്കുന്നു. 40 വയസ് കഴിഞ്ഞ പുരുഷന്മാർ ആരോ​ഗ്യം കാത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

സംസ്കരിച്ച ഭക്ഷണങ്ങൾക്ക് പകരം വീട്ടിൽ പാകം ചെയ്ത സമീകൃത ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവയിൽ നിന്ന് സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുക. മത്സ്യ എണ്ണ, നട്സ്, അവക്കാഡോ, നെയ്യ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.സംസ്കരിച്ച ജങ്ക് ഫുഡിൽ ഉപ്പും ഗുണനിലവാരമില്ലാത്ത എണ്ണയും അടങ്ങിയിട്ടുണ്ട്..ഇത് പ്രമേഹത്തിന് വഴിയൊരുക്കുന്നു.

രണ്ട്

40-കളുടെ തുടക്കം മുതൽ അസ്ഥികളുടെ സാന്ദ്രത പതുക്കെ കുറയാൻ തുടങ്ങുന്നു. കാൽസ്യം, മാംഗനീസ് എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക. സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങൾ കഴിക്കുക. ഓട്‌സ്, പയർവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവയിൽ നിന്ന് കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ ഭ​ക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

മൂന്ന്

അധിക സോഡിയം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു . അതിനാൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്തുന്നത് രക്തത്തിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ഇത് രക്തക്കുഴലുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. കാലക്രമേണ ഇത് ഹൃദയത്തെയും രക്തക്കുഴലുകളെയും നശിപ്പിക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് പോലുള്ള സങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യും.

നാല്

ശരീരത്തിന് വെള്ളം വളരെ പ്രധാനമാണ്. ജലാംശം നിലനിർത്താൻ ദിവസവും ഏഴ് മുതൽ എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. കഫീനും കലോറി നിറഞ്ഞ ശീതള പാനീയങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക. ചായയ്ക്ക് പകരം ഹെർബൽ ചായകൾ കുടിക്കാൻ ശ്രമിക്കുക.

അഞ്ച്

വ്യായാമം ആരോ​ഗ്യത്തിന് ഏറെ പ്രധാനമാണ്. ശരീരത്തിലെ കലോറിയും അധിക കൊഴുപ്പും കുറയ്ക്കാൻ ഇത് സഹായിക്കും. പ്രായം കൂടുന്തോറും ശരീരത്തിന്റെ കാഠിന്യവും പേശീബലവും കുറയുന്നു. എന്നാൽ ചിട്ടയായ വ്യായാമം 80-കളിലും ശരീരത്തെ സജീവമായി നിലനിർത്തും.