മൈക്രോസ്ട്രോക്ക് എന്ന പദം ആളുകൾ ഉപയോ​ഗിക്കുമ്പോൾ, അവർ ഒരു ട്രാൻസിയ​ന്റ് ഇസ്കെമിക് അറ്റാക്ക് എന്നാണ് അ‌ർത്ഥമാക്കുന്നത്, ഇതിനെ TIA എന്നും വിളിക്കുന്നു. micro stroke and mini seizures symptoms and causes

മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ അവയവമാണ് തലച്ചോറ്. ഓരോ നിമിഷവും കോടിക്കണക്കിന് ന്യൂറോണുകൾ പ്രവർത്തിച്ച് നമ്മുടെ ചിന്തകളെയും ചലനങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നു. എന്നാൽ, ഈ സൂക്ഷ്മമായ സംവിധാനത്തിൽ ചെറിയ തകരാറുകൾ ഉണ്ടാകുമ്പോൾ, ശരീരം ചില മുന്നറിയിപ്പുകൾ നൽകും. ഈ സിഗ്നലുകൾ പലപ്പോഴും അത്ര പ്രകടമല്ലാത്തതിനാൽ നാം അവഗണിച്ചു കളയുന്നു.

ഒരു നിമിഷത്തേക്ക് ഓർമ്മ നഷ്ടപ്പെടുക, കൈകൾക്കോ കാലുകൾക്കോ പെട്ടെന്ന് ഒരു തളർച്ച അനുഭവപ്പെടുക, അല്ലെങ്കിൽ ഒരു നിമിഷത്തേക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നുക ഇതൊക്കെ അധികം പ്രാധാന്യം നൽകാതെ, "ഓ ക്ഷീണം കൊണ്ട് സംഭവിച്ചതാണ്" അല്ലെങ്കിൽ ഉറക്കം ശരിയായില്ല അതുകൊണ്ട് സംഭവിച്ചതാണെന്ന് പറഞ്ഞ് നമ്മൾ തള്ളിക്കളയുന്ന ബുദ്ധിമുട്ടുകളാണ്. എന്നാൽ ഇത് മൈക്രോസ്‌ട്രോക്കുകളും മിനി സീഷറുകളും ആകാം.

എന്താണ് മൈക്രോ സ്ട്രോക്ക്?

മൈക്രോസ്ട്രോക്ക് എന്ന പദം ആളുകൾ ഉപയോ​ഗിക്കുമ്പോൾ, അവർ ഒരു ട്രാൻസിയ​ന്റ് ഇസ്കെമിക് അറ്റാക്ക് എന്നാണ് അ‌ർത്ഥമാക്കുന്നത്, ഇതിനെ TIA എന്നും വിളിക്കുന്നു. തലച്ചോറി​ന്റെ ഒരു ഭാ​ഗത്തേക്കോ, സുഷുമ്നാ നാഡിയിലേക്കോ, കണ്ണി​ന്റെ പിൻഭാ​ഗത്തുള്ള റെറ്റിന എന്നറിയപ്പെടുന്ന നേർത്ത ടിഷ്യു പാളിയിലേക്കോ ഉള്ള രക്തപ്രവാ​ഹം താത്കാലികമായി തടസ്സപ്പെടുന്നതാണ് TIA. ഇത് ഒരു പൂർണ്ണ സ്ട്രോക്ക് അല്ല. 

കുറഞ്ഞ സമയത്തേക്ക് മാത്രം നീണ്ടുനിൽക്കുന്ന, സാധാരണയായി ഏതാനും മിനിറ്റുകൾ മുതൽ ചില മണിക്കൂറുകൾക്കുള്ളിൽ തന്നെ അപ്രത്യക്ഷമാകുന്ന ലക്ഷണങ്ങളാണ് ഇതിനുണ്ടാവുക. അതുകൊണ്ടുതന്നെ പലരും ഇതിനെ കാര്യമായി എടുക്കാതെ വിട്ടുകളയാറുണ്ട്. എന്നാൽ, ഇതൊരു യഥാർത്ഥ മുന്നറിയിപ്പ് ആയി കണക്കാക്കണം.

കൈകാൽ തളർച്ച, ചുണ്ട് കോടുന്നത്, മരവിപ്പ്, തരിപ്പ്, പെട്ടെന്നുണ്ടാകുന്ന കാഴ്ചക്കുറവ് (ഒരുകണ്ണിനോ രണ്ടുകണ്ണിനോ), അൽപ്പനേരത്തേക്ക് മാത്രം നീണ്ടുനിൽക്കുന്ന സംസാരിക്കാനുള്ള ബുദ്ധിമുട്ട് (തെറ്റിപ്പോവുകയോ കുഴഞ്ഞുപോവുകയോ ചെയ്യുക), ശരീരത്തിൻ്റെ ഒരു വശത്ത് താൽക്കാലിക ബലഹീനത അനുഭവപ്പെടുക, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയവയെല്ലാം ഇതി​ന്റെ ലക്ഷണങ്ങളാകാം.

ഒരു ടിഐഎ സംഭവിച്ച വ്യക്തിക്ക് അടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ വലിയൊരു സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കണ്ടുപിടിച്ച് കൃത്യമായി ചികിത്സിക്കുകയാണെങ്കിൽ ഭാവിയിൽ വരാനിടയുള്ള വലിയ സ്ട്രോക്ക് ഒഴിവാക്കാൻ സാധിക്കും. പലപ്പോഴും ഇത് പോലുള്ള ചെറിയ ലക്ഷണങ്ങളെ അവ​ഗണിക്കുന്നതാണ് വലിയ വിപത്തിലേക്ക് ചെന്നെത്തിക്കുന്നത്.

കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ TIA ഉണ്ടാകുന്നവരിൽ 20% പേർക്ക് 90 ദിവസത്തിനുള്ളിൽ സ്ട്രോക്ക് ഉണ്ടാകുന്നു, ഈ സ്ട്രോക്കുകളിൽ പകുതിയും TIA-യ്ക്ക് ശേഷമുള്ള ആദ്യത്തെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ സംഭവിക്കുന്നു. ഈ ലക്ഷണങ്ങൾ നിസ്സാരമായി കാണാതെ ഉടൻ ഒരു ഡോക്ടറെ കാണുകയും ആവശ്യമായ പരിശോധനകളും ചികിത്സയും തേടുകയും വേണം.

എന്താണ് മിനി സീഷർ?

ചെറിയ അപസ്മാര ലക്ഷണങ്ങളെ സൂചിപ്പിക്കാൻ ആളുകൾ ഉപയോഗിക്കുന്ന ഒരു വാക്കാണ് 'മിനി സീഷർ' എന്നാൽ ഇതി​ന്റെ ശരിയായ പദം. ആബ്സെൻസ് സീഷർ എന്നാണ്. അപസ്മാരത്തിൻ്റെ സൂക്ഷ്മമായ രൂപങ്ങളാണ് ഇത്. തലച്ചോറിലെ കോശങ്ങളിൽ അസ്വാഭാവികമായ വൈദ്യുതി പ്രവാഹം ഉണ്ടാകുമ്പോഴാണ് സീഷറുകൾ ഉണ്ടാകുന്നത്. 

ആബ്സെൻസ് സീഷർ ഉണ്ടാകുമ്പോൾ സാധാരണ സീഷറുകൾ പോലെ ശരീരം മുഴുവൻ കോച്ചി വലിക്കുകയോ ബോധം നഷ്ടപ്പെടുകയോ ചെയ്യുന്നില്ല. പകരം, തലച്ചോറിലെ ഇലക്ട്രിക്കൽ പ്രവർത്തനം കുറച്ച് സമയത്തേക്ക് തടസ്സപ്പെടുന്നു. ഇവ കൂടുതലും കുട്ടികളിലാണ് കണ്ടുവരുന്നത്. ഒരു കുട്ടി ക്ലാസ് മുറിയിൽ പഠനത്തിൽ ശ്രദ്ധിക്കാതെ, വെറുതെ ഒരിടത്തേക്ക് നോക്കി ഇരിക്കുന്നതായി തോന്നിയാൽ, അത് ഒരു ആബ്സെൻസ് സീഷറിൻ്റെ ലക്ഷണമായേക്കാം.

‌ലക്ഷണങ്ങൾ

* പെട്ടെന്ന് കണ്ണിറുക്കുകയോ, വെറുതെ ഒരിടത്തേക്ക് നോക്കി ഇരിക്കുകയോ ചെയ്യുക.

* സംസാരിക്കുകയാണെങ്കിൽ പെട്ടെന്ന് നിർത്തി, ശൂന്യതയിലേക്ക് നോക്കി നിൽക്കുക.

* ചിലപ്പോൾ ചുണ്ടുകൾ ചവയ്ക്കുകയോ കൈകൾ തിരുമ്മുകയോ പോലുള്ള ചെറിയ ചലനങ്ങൾ കാണിക്കുക.

ഇത് ഏതാനും സെക്കൻഡുകൾ മുതൽ ഒരു മിനിറ്റ് വരെ മാത്രമേ നീണ്ടുനിൽക്കൂ. ശേഷം സാധാരണ പോലെ സംസാരിച്ച് തുടങ്ങും, എന്നാൽ എന്ത് സംഭവിച്ചു എന്ന് അവർക്ക് ഓർമ്മയുണ്ടാവില്ല.ഈ ലക്ഷണങ്ങൾ ചിലപ്പോൾ വെറും ശ്രദ്ധക്കുറവായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്, പ്രത്യേകിച്ച് കുട്ടികളിൽ. പഠന വൈകല്യമായോ അലസതയായോ ഇതിനെ കണക്കാക്കിയേക്കാം. ഇത് ഒരു ദിവസം പല തവണ സംഭവിക്കാം, ഇത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കാം. ചികിത്സിക്കാതെ വിട്ടാൽ ഇത് കൂടുതൽ ഗുരുതരമായ സീഷറുകളിലേക്കോ മറ്റ് നാഡീവ്യൂഹ പ്രശ്നങ്ങളിലേക്കോ നയിച്ചേക്കാം.

നേരത്തെയുള്ള തിരിച്ചറിയലിൻ്റെ പ്രാധാന്യം

ട്രാൻസിയ​ന്റ് ഇസ്കെമിക് അറ്റാക്കും, ആബ്സെൻസ് സീഷറുകളും പലപ്പോഴും ഒരു വലിയ നാഡീരോഗത്തിൻ്റെ ആദ്യ വാ‌ർണിം​ഗ് ബെല്ലുകൾ ആണ്. ഇവ അവഗണിക്കുന്നത് ഭാവിയിൽ ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. 

നേരത്തെ കണ്ടെത്തുകയും ചികിത്സ തുടങ്ങുകയും ചെയ്താൽ, വലിയ സ്‌ട്രോക്കുകൾ, സ്ഥിരമായ അംഗവൈകല്യങ്ങൾ, ഗുരുതരമായ അപസ്‌മാരം എന്നിവയെ ഒരു പരിധി വരെ തടയാൻ സാധിക്കും. ഇതി​ന്റെ പ്രധാന പ്രശ്നം അവയുടെ സൂക്ഷ്മ സ്വഭാവമാണ്. ഈ രണ്ട് അവസ്ഥകളിലും, ഓരോ നിമിഷവും വിലപ്പെട്ടതാണ്. എത്ര നേരത്തെ രോഗം തിരിച്ചറിയുന്നുവോ, അത്രയും അധികം തലച്ചോറിൻ്റെ കോശങ്ങളെ രക്ഷിക്കാൻ സാധിക്കും. യഥാസമയം തിരിച്ചറിഞ്ഞാൽ, ശരിയായ മരുന്നുകളിലൂടെ ഇത് പൂർണ്ണമായി നിയന്ത്രിക്കാൻ സാധിക്കും.

കാരണങ്ങൾ

അനിയന്ത്രിതമായ രക്തസമ്മർദ്ദം

ഉയർന്ന കൊളസ്ട്രോൾ

പ്രമേഹം

അമിത ഭാരം

അമിതമായ മദ്യപാനം, മയക്കുമരുന്ന് ഉപയോ​ഗം, പുകവലി

ഉറക്കമില്ലായ്മ

ഹൃദയ സംബന്ധമായ രോഗങ്ങളും മുമ്പുണ്ടായ ഹൃദയാഘാതവും ‌

രോഗനിർണയം

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ആർക്കെങ്കിലും ഇടയ്ക്കിടെ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് എത്ര ചെറുതാണെങ്കിൽ പോലും ഉടൻ ഒരു ന്യൂറോളജിസ്റ്റിൻ്റെ സഹായം തേടുക. ഇമേജിംഗ് സ്കാനുകൾ വഴി രോ​ഗം സ്ഥിരീകരിക്കാൻ സാധിക്കും. 

CT സ്കാൻ വഴി തലച്ചോറിൽ രക്തസ്രാവം ഉണ്ടോ ഇല്ലയോ എന്ന് വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. ഒരു MRI സ്കാൻ നിങ്ങൾക്ക് സ്ട്രോക്ക് ആണോ TIA ആണോ എന്ന് നിർണ്ണയിക്കാൻ സഹായിക്കുന്നു. ഇലക്ട്രോ എൻസെഫലോഗ്രാം (EEG) വഴി ആബ്സെൻസ് സീഷർ സ്ഥിരീകരിക്കാൻ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും, രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾ നിയന്ത്രിച്ച് നിർത്തുന്നതിലൂടെയും ഈ രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ സാധിക്കും.

രക്തം കട്ടപിടിക്കുന്നത് തടയാനുള്ള മരുന്നുകൾ (ആൻ്റിപ്ലേറ്റ്‌ലെറ്റ് മരുന്നുകൾ) അല്ലെങ്കിൽ അപസ്‌മാരത്തിനുള്ള മരുന്നുകൾ (ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം) എന്നിവയിലൂടെ ഈ അവസ്ഥകളെ നിയന്ത്രിക്കാനാകും.

സമയബന്ധിതമായ ചികിത്സ ഒരു വ്യക്തിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും, ഭാവിയിൽ വരാനിടയുള്ള വലിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് അവരെ രക്ഷിക്കാനും കഴിയും. ഓർക്കുക, തലച്ചോറിൻ്റെ സൂക്ഷ്മമായ മുന്നറിയിപ്പുകളെ ഒരിക്കലും നിസ്സാരമായി കാണരുത്. 

ഒരു ചെറിയ തളർച്ചയോ, ഒരു നിമിഷത്തെ മറവിയോ ഉണ്ടായാൽ, അതിനെ ക്ഷീണമായി മാത്രം കാണാതെ, തലച്ചോറിൻ്റെ മുന്നറിയിപ്പായി സ്വീകരിക്കുക. കൃത്യസമയത്ത് തന്നെ വൈദ്യസഹായം തേടാൻ മറക്കരുത്.

(അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ ന്യൂറോളജി വിഭാ​ഗത്തിലെ കൺസൾട്ടന്റായ ഡോ. ജോസഫ് ഷിബു തയ്യാറാക്കിയ ലേഖനം)