ശരീരത്തിൽ ഒന്നോ അതിലധികമോ ഇടങ്ങളിൽ കാണപ്പെടുന്ന ചുവന്നു തടിച്ച പാടുകളും അതിൽ നിന്ന് വെള്ളി നിറമുള്ള ശകലങ്ങൾ (scales) ഇളകിവരുന്നതുമാണ് സോറിയാസിസിൻറെ പ്രധാന ലക്ഷണങ്ങൾ. ഇവ കൂടുതലായും കാണപ്പെടുന്നത് തലയിലും കൈകാൽ മുട്ടുകളിലും പുറത്തുമാണ്. ഒന്നോ രണ്ടോ പാടായിട്ടു തുടങ്ങി പിന്നീട് ശരീരത്തിലെ പല ഇടങ്ങളിലേയ്ക്കും ഇത് ബാധിക്കാം.
ശരീരത്തിൽ പ്രധാനമായും ത്വക്കിനേയും സന്ധികളേയും ബാധിക്കുന്ന ഒരു ക്രോണിക് ഇൻഫ്ളമേറ്ററി രോഗമാണ് സോറിയാസിസ്. ഇതിനെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഒരു പകർച്ചവ്യാധിയാണ് ഇതെന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്. അതിനാൽ തന്നെ അസുഖത്തെ ഭയപ്പാടോടെയാണ് പലരും സമീപിക്കുന്നത്.
സോറിയാസിസിന് ചികിത്സ ഇല്ലെന്നും ഇതു വന്നു കഴിഞ്ഞാൽപ്പിന്നെ ഒരിക്കലും മാറില്ലെന്നുമുള്ള തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ചികിത്സ ഇല്ല എന്ന മിഥ്യാധാരണ വളരെ കൂടുതലായി ജനങ്ങൾക്കിടയിൽ ഉള്ളതുകൊണ്ട് സോറിയാസിസിൻറെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരു ഡോക്ടറെ കാണാതെ പലപ്പോഴും നാടൻ ഒറ്റമൂലികളും മറ്റും പരീക്ഷിച്ചു നോക്കാറാണ് പതിവ്. ഇത് മൂലം പലരിലും രോഗം മൂർച്ഛിക്കാറുണ്ട്.
സോറിയാസിസിന് കാരണം?
ശരീരത്തിൻറെ പ്രതിരോധഘടനയുടെ ഭാഗമായ T-lymphocytes എന്ന കോശങ്ങളും അവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന interlinking എന്ന ചില വസ്തുക്കളുമാണ് സോറിയാസിസ് ഉണ്ടാകാൻ കാരണം. ജനിതകമായ കാരണങ്ങൾ മൂലമാണ് മേൽപ്പറഞ്ഞ വ്യതിയാനങ്ങൾ ഉണ്ടാകുന്നതും ഈ രോഗാവസ്ഥയ്ക്ക് പ്രധാന പങ്കുവഹിക്കുന്നതും.
സോറിയാസിസ് കാരണങ്ങൾ
1. ജനിതകമായിത്തന്നെ ചിലർക്ക് സോറിയാസിസ് വരാൻ സാധ്യത കൂടുതലാണ്.
2. മാനസിക പിരിമുറുക്കം
3. പരീക്ഷാസമയങ്ങളിൽ കുട്ടികളിൽ ലക്ഷണങ്ങൾ വർധിക്കുന്നതും ഉറക്കക്കുറവും മറ്റു പിരിമുറുക്കങ്ങളും മൂലം ഈ അവസ്ഥ മോശമാകുന്നതും മാനസിക പിരിമുറുക്കം സോറിയാസിസ് വർധിപ്പിക്കുന്നു എന്നതിന് തെളിവുകളാണ്.
4. പുകവലിയും അമിതമദ്യപാനവും സോറിയാസിസ് വർധിപ്പിക്കുന്നു.
5. ചില മരുന്നുകൾ, ഉദാ: വേദന സംഹാരികൾ, ഉയർന്ന രക്തസമ്മർദത്തിനുള്ള ബീറ്റാ ബ്ലോക്കർ
6. തണുപ്പുള്ള കാലാവസ്ഥ
7. ഇൻഫെക്ഷൻ, Streptocous throat infection കുട്ടികളിൽ സോറിയാസിസിന് കൂടുതൽ കാരണമാകാറുണ്ട്.
സോറിയാസിസിൻറെ ലക്ഷണങ്ങൾ എന്തെല്ലാം?
ശരീരത്തിൽ ഒന്നോ അതിലധികമോ ഇടങ്ങളിൽ കാണപ്പെടുന്ന ചുവന്നു തടിച്ച പാടുകളും അതിൽ നിന്ന് വെള്ളി നിറമുള്ള ശകലങ്ങൾ (scales) ഇളകിവരുന്നതുമാണ് സോറിയാസിസിൻറെ പ്രധാന ലക്ഷണങ്ങൾ. ഇവ കൂടുതലായും കാണപ്പെടുന്നത് തലയിലും കൈകാൽ മുട്ടുകളിലും പുറത്തുമാണ്. ഒന്നോ രണ്ടോ പാടായിട്ടു തുടങ്ങി പിന്നീട് ശരീരത്തിലെ പല ഇടങ്ങളിലേയ്ക്കും ഇത് ബാധിക്കാം.
തലയിൽ താരൻ പോലെ ശകലങ്ങളായോ പാടുകളായോ സോറിയാസിസ് തുടങ്ങാം. ഇതിനെ സെബോസോറിയാസിസ് എന്ന് പറയുന്നു. ഈ ലക്ഷണങ്ങൾ താരനുള്ള ഷാമ്പൂ കൊണ്ട് മാത്രം മാറാതിരിക്കുമ്പോഴാണ് സോറിയാസിസ് ഉണ്ടോ എന്ന് സംശയിക്കുന്നത്. താരതമ്യേന ചെറിയ പാടുകളോടു കൂടി വരുന്ന ഗട്ടേറ്റ് (guttate) സോറിയാസിസ് കുട്ടികളിൽ കാണപ്പെടുന്നു. Streptococuses എന്ന അണുമൂലം തൊണ്ടയിൽ വരുന്ന അണുബാധ ഈ രോഗം തുടങ്ങുന്നതിന് കാരണമാകുന്നു.
തൊലി മടക്കുകളിൽ മാത്രം കാണുന്ന ചില പാടുകൾ flexual psoriasisൻറെ ലക്ഷണമാകും. തൊലിമടക്കുകളിൽ വരുന്ന പൂപ്പൽബാധയുമായി ഇതിനെ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. സോറിയാസിസിൻറെ മറ്റൊരു വകഭേദമാണ് palmoplantar സോറിയാസിസ്. ഇത് കൈവെള്ളയിലും കാൽവെള്ളയിലും കട്ടിയുള്ള പാടുകളായും ത്വക്ക് വിണ്ടു കീറുന്ന അവസ്ഥിയിലും കാണപ്പെടുന്നു. പഴുത്ത കുരുക്കളായും സോറിയാസിസ് പ്രത്യക്ഷപ്പെടാം. Pustular psoriasis എന്ന സോറിയാസിസിൻറെ തീവ്രത കൂടിയ അവസ്ഥയാണിത്.
തൊലിപ്പുറമയെുള്ള പാടുകൾക്ക് ഒപ്പമോ അല്ലെങ്കിൽ ഈ ലക്ഷണം വെളിപ്പെടുന്നതിന് മുൻപോ അതിന് ശേഷമോ സോറിയാസിസ് സന്ധികളെ ബാധിക്കാം. ഇത് സന്ധിവേദനയായും നീരായും അനുഭവപ്പെടുന്നു. ഈ അവസ്ഥയ്ക്ക് സോറിയാറ്റിക് ആർത്രൈറ്റിസ് എന്നു പറയുന്നു.
മെറ്റാബോളിക് സിൻഡ്രോം (Metabolic syndrome) എന്ന ഗുരുതരമായ ജീവിതശൈലീരോഗവും സോറിയാസിസ് ഉള്ളവലരിർ കൂടുതലായി കാണപ്പെടുന്നു. ഉയർന്ന രക്തസമ്മർദം, രക്തത്തിൽ ഉയർന്ന പഞ്ചസാരയുടെ അളവ്, ഉയർന്ന കൊളസ്ട്രോൾ എന്നിവയാണ് ഈ അവസ്ഥിയിൽ കാണുന്നത്.
സോറിയാസിസ് : അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ
1. സോറിയാസിസ് ഒരു പകർച്ചവ്യാധിയല്ല
2. വളരെയധികം ഫലപ്രദമായ ചികിത്സാമാർഗങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഒരു രോഗമാണിത്.
3. ശരീരത്തിൽ കാണുന്ന പാടുകൾ ലഘുവമായി എടുക്കാതെ വിദഗ്ധനായ ഡോക്ടറെ കാണുകയും അനുയോജ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നത് രോഗത്തിൻറെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
സോറിയാസിസ് മറ്റു രോഗങ്ങളിലേയ്ക്ക് നയിക്കുമോ?
ദീർഘകാലമായി സോറിയാസിസ് ഉള്ള രോഗികളിൽ ഹൃദയധമനികൾ ചുരുങ്ങി ഹൃദയാഘാതം പോലുള്ള രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞിട്ടുള്ള രോഗമായ non alcoholic fatty liver disease, 50%-ത്തോളം സോറിയാസിസ് രോഗികളിൽ കാണുന്നു.
മാനസിക പിരിമുറുക്കവും depression പോലുള്ള മാനസിക രോഗങ്ങളും സോറിയാസിസ് ഉള്ളവരിൽ കൂടുതലായി കണ്ടുവരാറുണ്ട്. മറിച്ച് മാനസിക പിരിമുറുക്കവും സോറിയാസിസ് കൂടുന്നതിന് കാരണമാകുന്നു. ദീർഘകാലമായി സോറിയാസിസ് ഉള്ളവരിൽ പലപ്പോഴും വൃക്കരോഗങ്ങളും കാണപ്പെടുന്നു. ചെറിയ ശതമാനം സോറിയാസിസ് രോഗികളിൽ സ്കിൻ കാൻസറിനുള്ള സാധ്യത കൂടുന്നതായും ചില പഠനങ്ങൾ തെളിയിക്കുന്നു.
ചികിത്സാരീതികൾ എന്തെല്ലാം?
സോറിയാസിസിൻറെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്നത് ലേപനങ്ങൾ, യുവി രശ്മികൾ കൊണ്ടുള്ള ചികിത്സയായ ഫോട്ടോതെറാപ്പി, ഗുളികകൾ, brologics injection എന്നിവയാണ്. ത്വക്കിൻറെ 20%-ൽ താഴെ ബാധിച്ചിട്ടുള്ള രോഗത്തിന് ലേപനങ്ങൾ കൊണ്ടുള്ള ചികിത്സയാണ് സാധാരണയായി നൽകുന്നത്.
ത്വക്കിൻറെ 20%-ൽ കൂടുതൽ ബാധിച്ചിട്ടുള്ള രോഗത്തിനും സന്ധികളെ ബാധിച്ചിട്ടുള്ളതിനും ഗുളികകളോ ഇൻജക്ഷനുകളോ ഉപയോഗിക്കാറുണ്ട്. യുവിഎ, യുവിബി എന്ന രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സാമാർഗം വളരെ ഫലപ്രദമാണ്. സാധാരണയായി നൽകുന്ന ലേപനങ്ങൾ കൊണ്ടോ ഗുളികകൾ കൊണ്ടോ മാറ്റം വരാത്ത സാഹചര്യത്തിൽ brologicals injection ഫലപ്രദമാകാറുണ്ട്. ഇത് വളരെ എളുപ്പത്തിൽ സ്വയം എടുക്കാൻ കഴിയുന്ന pen രൂപേണ ലഭ്യമാണ്.
സോറിയാസിസിൻറെ ഏതൊരു ചികിത്സ കൊണ്ടും ഉദ്ദേശിക്കുന്നത് അസുഖം നിയന്ത്രിക്കക എന്നതാണ്. ചികിത്സ തേടുന്ന രോഗികളിൽ ജീവിതരീതിയുടെ നിലവാരം മുന്നു മാസത്തെ ചികിത്സയ്ക്കു ശേഷം മെച്ചപ്പെടുന്നതായി ഞങ്ങൾ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു.
ജനിതകമായ ഒരു രോഗാവസ്ഥ ആയതിനാൽ പൂർണമായി ചികിത്സിച്ചു മാറ്റുക എന്നത് പലപ്പോഴും അപ്രായോഗികമാണ്. എന്നാൽ ചികിത്സകൊണ്ട് അസുഖം കുറയുകയും അതിനു ശേഷം മരുന്ന് കുറച്ച് നിർത്തുകയും പിന്നീട് emollienst/moisturisers എന്നീ ലേപനങ്ങൾ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഈ യാഥാർത്ഥ്യം മറച്ചു വെച്ചുകൊണ്ട് സോറിയാസിസിനെ ഒരു ഒറ്റമൂലി കൊണ്ട് പൂർണമായി ചികിത്സിച്ചു ഭേദമാക്കാം എന്ന് പലരും അവകാസപ്പെടാറുണ്ട്. ഈ വാദങ്ങൾക്ക് യാതൊരുവിധ ശാസ്ത്രീയ പിൻബലവും ഇല്ല എന്നുള്ളതാണ് വാസ്തവം.
പ്രമേഹവും ഉയർന്ന രക്തസമ്മർദവുംപോലെ കുറച്ചു നാളത്തെ തുടർച്ചയായ ചികിത്സയും അതോടൊപ്പം കൃത്യമായ പരിരക്ഷയും വേണ്ട ഒരു രോഗാവസ്ഥയാണ് സോറിയാസിസ് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ദീർഘനാളായി സോറിയാസിസ് ഉള്ളവരിലും ഇത് കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാത്തവരിലും ഹൃദ്രോഗങ്ങൾ, കരളിൽ കൊഴുപ്പടിഞ്ഞുള്ള രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയുടെ സാധ്യത ഏറുന്നു.
ലേഖനം തയ്യാറാക്കിയത്:
ഡോ. എബിൻ എബ്രഹാം ഇട്ടി,
സീനിയർ കൺസൾട്ടന്റ് & എച്ച്ഒഡി,
ഡെർമറ്റോളജി വിഭാഗം, വിപിഎസ് ലേക്ഷോർ ആശുപത്രി,
കൊച്ചി





