സ്ത്രീകൾ മാസത്തിലൊരിക്കൽ സ്തനങ്ങളിൽ സ്വയം പരിശോധനകൾ ചെയ്യുകയും പതിവായി മാമോഗ്രാമുകൾക്ക് വിധേയമാകുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം ബ്രെസ്റ്റ് ക്യാൻസർ സാധ്യത കൂട്ടുന്നുതായി ഡോ. ഗോപിനാഥ് പറഞ്ഞു.
ചെറുപ്പക്കാർക്കിടയിൽ ക്യാൻസർ കേസുകൾ കൂടി വരുന്നതായി ദേശീയ കാൻസർ രജിസ്ട്രിയിൽ നിന്നുള്ള സമീപകാല ഡാറ്റ വ്യക്തമാക്കുന്നു. പലരും ലക്ഷണങ്ങൾ കണ്ടാൽ തന്നെ അത് നിസാരമായി കാണാറാണ് പതിവ്. ആളുകൾക്കിടയിൽ ഇപ്പോഴും ക്യാൻസറിന്റെ പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധമില്ല.
പല ലക്ഷണങ്ങളും കൂടുതൽ സാധാരണവും ദോഷകരമല്ലാത്തതുമായ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ അധികം ആളുകളും നിസാരമായി കാണുന്നു. ഇത് രോഗനിർണയത്തിലും ചികിത്സയിലും കാലതാമസത്തിന് കാരണമാകുന്നു.
ഒരു മാസത്തോളം നടുവേദനയും തുടർച്ചയായ പനി, ക്ഷീണവുമായി അടുത്തിടെ ഒരാൾ കാണാൻ വന്നു. ജിം വർക്കൗട്ടുകളോ വിറ്റാമിൻ ഡിയുടെ കുറവോ ആണ് ഈ ലക്ഷണങ്ങൾക്ക് കാരണമെന്നാണ് അദ്ദേഹം കരുതിയത്. അദ്ദേഹത്തിന് സ്റ്റേജ് IV ലിംഫോമ ഉണ്ടെന്ന് പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹം തീവ്രമായ കീമോതെറാപ്പിക്ക് വിധേയനായി. തുടർന്ന് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് നടത്തി. ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ക്യാൻസർ സാധ്യത കൂട്ടുന്നതായി ചെന്നൈയിലെ എംജിഎം ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെമറ്റോ-ഓങ്കോളജി കൺസൾട്ടന്റായ ഡോ. ഗോപിനാഥ് പറഞ്ഞു.
അമിത ക്ഷീണം, സ്ഥിരമായ ശരീരവേദന അല്ലെങ്കിൽ സന്ധി വേദന, വിശപ്പില്ലായ്മ, മലബന്ധം, ഛർദ്ദി, പെട്ടെന്ന് ഭാരം കുറയുക തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയും മരുന്നുകൾ ഉപയോഗിച്ച് സ്വയം ചികിത്സിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്. വിളർച്ച, മഞ്ഞപ്പിത്തം, ഉറങ്ങാത്ത മുറിവുകൾ, വയറുവേദന, മുഴകൾ തുടങ്ങിയ ഗുരുതരമായ മുന്നറിയിപ്പ് ലക്ഷണങ്ങൾ നിസാരമായി കാണരുതെന്നും ഡോ. ഗോപിനാഥ് പറഞ്ഞു.
സ്ത്രീകൾ മാസത്തിലൊരിക്കൽ സ്തനങ്ങളിൽ സ്വയം പരിശോധനകൾ ചെയ്യുകയും പതിവായി മാമോഗ്രാമുകൾക്ക് വിധേയമാകുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം ബ്രെസ്റ്റ് ക്യാൻസർ സാധ്യത കൂട്ടുന്നുതായി അദ്ദേഹം പറഞ്ഞു.
അനിയന്ത്രിതമായ കോശ വളർച്ചയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുള്ള രോഗമാണ് ക്യാൻസർ. തുടക്കത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായി ചികിത്സിച്ചാൽ പല ക്യാൻസറുകളും ഭേദമാക്കാൻ കഴിയും. പുകയില ഉപയോഗം, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, വായു മലിനീകരണം എന്നിവ കാൻസറിനും മറ്റ് സാംക്രമികേതര രോഗങ്ങൾക്കും കാരണമാകുന്ന ഘടകങ്ങളാണ്.
എങ്ങനെ പ്രതിരോധിക്കാം?
പുകവലി ശീലം ഉപേക്ഷിക്കുക.
ആരോഗ്യകരമായ ഭാരം നിലനിർത്തുക.
പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
പതിവായി വ്യായാമം ചെയ്യുക
മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.


