തക്കാളിക്ക് പകരം വയ്ക്കാവുന്ന മറ്റ് ചേരുവകളെ കുറിച്ചും തക്കാളി ഒഴിവാക്കിയാല്‍ എന്ത് സംഭവിക്കും, തക്കാളിയുടെ ഗുണങ്ങള്‍ -ദോഷങ്ങള്‍ എന്നിങ്ങനെ പലവിധത്തിലുള്ള ചര്‍ച്ചകളും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു വിഷയമാണിനി പങ്കുവയ്ക്കാനുള്ളത്.

തക്കാളി വില ഉയര്‍ന്നതിനെ കുറിച്ചാണല്ലോ എങ്ങും ചര്‍ച്ച. അടുക്കളയിലെ നിത്യഹരിത ചേരുവ ആയതിനാല്‍ തന്നെ തക്കാളിക്ക് വില കൂടിയതും തക്കാളിയുടെ ലഭ്യത കുറഞ്ഞതുമെല്ലാം ഏവരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. 

ഇതിനിടെ തക്കാളിക്ക് പകരം വയ്ക്കാവുന്ന മറ്റ് ചേരുവകളെ കുറിച്ചും തക്കാളി ഒഴിവാക്കിയാല്‍ എന്ത് സംഭവിക്കും, തക്കാളിയുടെ ഗുണങ്ങള്‍ -ദോഷങ്ങള്‍ എന്നിങ്ങനെ പലവിധത്തിലുള്ള ചര്‍ച്ചകളും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു വിഷയമാണിനി പങ്കുവയ്ക്കാനുള്ളത്.

തക്കാളി പതിവായി കഴിച്ചാല്‍ കിഡ്നി സ്റ്റോണ്‍ വരും എന്ന തരത്തിലൊരു വാദം നിങ്ങളെല്ലാം കേട്ടിരിക്കും. ഇതനുസരിച്ച് തക്കാളി കഴിച്ചാല്‍ കിഡ്നി സ്റ്റോണ്‍ വരുമെന്ന പേടിയില്‍ പരമാവധി തക്കാളി ഒഴിവാക്കുന്നവരും ഏറെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തക്കാളി കിഡ്നി സ്റ്റോണിന് കാരണമാകുമോ? എന്താണ് ഈ വാദത്തിന് പിന്നിലെ സത്യം?

തക്കാളിയും കിഡ്നി സ്റ്റോണും...

തക്കാളി കഴിച്ചാല്‍ അത് കിഡ്നി സ്റ്റോണ്‍ ഉണ്ടാക്കുമെന്ന വാദം ശരിയല്ല. എന്നുപറ‍ഞ്ഞാല്‍ വളരെ ചുരുക്കം പേരില്‍ ഇതിനുള്ള സാധ്യതയുണ്ട്. അങ്ങനെയില്ല എന്നല്ല. പക്ഷേ തക്കാളി കഴിക്കുന്നവരിലെല്ലാം ഭാവിയില്‍ കിഡ്നി സ്റ്റോണ്‍ വരുമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.

തക്കാളിയിലുള്ള ഓക്സലേറ്റ് എന്ന പദാര്‍ത്ഥമാണ് ഇവിടെ വില്ലനായി വരുന്നത്. നേരത്തെ തന്നെ കിഡ്നി സ്റ്റോണ്‍ പ്രശ്നമുള്ളവരില്‍ ഇത് വീണ്ടും സ്റ്റോണ്‍സ് ഉണ്ടാക്കും. അതിനാല്‍ കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ തക്കാളി പരിമിതപ്പെടുത്തുന്നത് നന്നായിരിക്കും. അപ്പോഴും തക്കാളി ഉപേക്ഷിക്കേണ്ട കാര്യമേയില്ല. കിഡ്നി സ്റ്റോണിന്‍റെ ഒരു ചരിത്രവും ഇല്ലാത്തവരെ സംബന്ധിച്ച് അവര്‍ ഇക്കാര്യത്തില്‍ പേടിക്കുകയേ വേണ്ട. 

തക്കാളിയുടെ മറ്റ് ദോഷവശങ്ങള്‍...

തക്കാളിക്ക് അങ്ങനെ ഒരുപാട് ദോഷങ്ങളൊന്നുമില്ല കെട്ടോ. എങ്കിലും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ. അത്തരത്തിലുള്ള ചിലതാണിനി പങ്കുവയ്ക്കുന്നത്. അസിഡിറ്റിയുടെ പ്രശ്നമുള്ളവരില്‍ ചിലപ്പോള്‍ തക്കാളി- പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതിനാല്‍ അസിഡിറ്റിയുള്ളവര്‍ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. 

അതുപോലെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് തക്കാളി അലര്‍ജിയാകാറുണ്ട്. ഇത് വളരെ വിരളമാണ്. എങ്കിലും ഇതും തക്കാളിയുടെ ഒരു ദോഷവശം ആണെന്ന് പറയാം. 

അതുപോലെ തന്നെ ചില മരുന്നുകളുമായി തക്കാളി പ്രവര്‍ത്തിച്ച് മരുന്നുകളുടെ ഫലം ഇല്ലാതാക്കാറുണ്ട്. രക്തം കട്ട പിടിക്കുന്നതിന് കൊടുക്കുന്ന മരുന്നൊക്കെ ഇതിനുദാഹരണമാണ്. ഇതും തക്കാളിയുടെ ഒരു പ്രശ്നമാണ്. 

എന്നാലിക്കാര്യങ്ങള്‍ കൊണ്ടൊന്നും തക്കാളിയെ തള്ളിക്കളയേണ്ട കാര്യമേയില്ല. തക്കാളി വലിയൊരു വിഭാഗം പേര്‍ക്കും ആരോഗ്യപരമായി യാതൊരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. 

Also Read:- ദിവസവും ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ; അറിയാം കുരുമുളകിന്‍റെ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News