'മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്ന് വിളിക്കപ്പെടുന്ന നെഗ്ലേറിയ ഫൗളേറി, തടാകങ്ങള്‍, നദികള്‍, മോശമായി പരിപാലിക്കപ്പെടുന്ന നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയ ചുറ്റുപാടുകളില്‍ സാധാരണയായി കാണപ്പെടുന്നു.

താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതു വയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?

പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) നെയ്ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂർവ തലച്ചോറ് അണുബാധയാണ്. എൻ. ഫൗളേരി മൈക്രോസ്കോപ്പില്ലാതെ കാണാൻ കഴിയാത്തത്ര ചെറുതായ ഒരു ഏകകോശ ജീവിയാണ് അമീബ.

'മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്ന് വിളിക്കപ്പെടുന്ന നെഗ്ലേറിയ ഫൗളേറി, തടാകങ്ങൾ, നദികൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ തുടങ്ങിയ ചുറ്റുപാടുകളിൽ സാധാരണയായി കാണപ്പെടുന്നു. വെള്ളത്തിനടിയിലായി ചേറിൽ കാണപ്പെടുന്ന ഇവ കലർന്ന മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോൾ അമീബ തലച്ചോറിലേക്ക് സഞ്ചരിക്കുകയും ഇത് വീക്കവും, വ്യാപകമായ മസ്തിഷ്‌കനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ക്ലോറിനേഷൻ മൂലം നശിച്ചുപോകുന്നതിനാൽ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല.

അമീബിക് മസ്തിഷ്ക ജ്വരം ; ലക്ഷണങ്ങൾ എന്തൊക്കെ?

തൊണ്ടവേദന.

തലവേദന

ഓക്കാനം, ഛർദ്ദി.

കടുത്ത പനി

രുചിയും ​ഗന്ധവും അറിയാതെ പോവുക.

അമീബിക് മസ്തിഷ്കജ്വരം തടയുന്നത് എങ്ങനെ?

1. പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

2. നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുക

3. മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക.

4. തല വെള്ളത്തിൽ മുക്കി വച്ചു കൊണ്ടുള്ള മുഖം കഴുകൽ ഒഴിവാക്കുക.