വീടുൾപ്പടെ എല്ലാം നഷ്ടമാവുക, പ്രിയപ്പെട്ടവരെ നഷ്ടമാവുക, ഇനി മുന്നോട്ടെന്താണ് എന്നുപോലും ചിന്തിക്കാൻ കഴിയാതെ വരിക എന്നത് ഏതു മനുഷ്യനെയും ബാധിക്കുന്ന അവസ്ഥയാണ്.
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. മാനസികാരോഗ്യം ഒരോ വ്യക്തികളുടെയും ജീവിതത്തിൽ വളരെ അധികം പ്രാധാന്യമുള്ളതാണ്. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യവും.
ഇന്ന് മനുഷ്യർ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ അവരുടെ മാസികാരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടാതെപോകുന്നത് വിഷാദരോഗം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത പോലെയുള്ള അവസ്ഥ ഉണ്ടാകാൻ സാധ്യത കൂട്ടുന്നു.
പ്രളയം, സൈക്ലോൺ, മറ്റു പ്രകൃതി ദുരന്തങ്ങൾ, യുദ്ധം, കലാപങ്ങൾ, കോവിഡ് പോലെയുള്ള മഹാമാരികൾ എന്നിവ മനുഷ്യരുടെ മനസ്സിനെ തകർക്കാൻ വളരെ അധികം സാധ്യതയുണ്ട്. ഇത്തരം ദുരന്തങ്ങൾ അനുഭവിക്കുന്ന അഞ്ചിൽ ഒരു വ്യക്തിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ലോകാരോഗ്യ സങ്കടനയുടെ കണക്കുകൾ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ അതിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം സംരക്ഷിക്കാനുള്ള നടപടികൾ അത്യാവശ്യമാണ്. ദുരന്തമുഖത്തു പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, വോളന്റീർമാർ അങ്ങനെ എല്ലാവരെയും ദുരന്തത്തിന്റെ ആഘാതങ്ങൾ ഏറ്റേക്കാം.
വീടുൾപ്പടെ എല്ലാം നഷ്ടമാവുക, പ്രിയപ്പെട്ടവരെ നഷ്ടമാവുക, ഇനി മുന്നോട്ടെന്താണ് എന്നുപോലും ചിന്തിക്കാൻ കഴിയാതെ വരിക എന്നത് ഏതു മനുഷ്യനെയും ബാധിക്കുന്ന അവസ്ഥയാണ്. കുട്ടികളിൽ ഭയം, സ്വഭാവത്തിൽ മാറ്റങ്ങൾ വരിക, മുതിർന്നവരിൽ പ്രതീക്ഷയില്ലായ്മ, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നിവ ഉണ്ടായേക്കാം. പലരും സങ്കടങ്ങൾ ആരോടും തുറന്നു പറയാനാവാതെ എല്ലാം ഉള്ളിൽ ഒതുക്കുകയാവും ചെയ്യുക.
ഡിസാസ്റ്റർ മാനേജ്മന്റ് പ്ലാനുകളിൽ മാനസികാരോഗ്യ സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടാകണം. കൗൺസിലിങ് ഹെൽപ്ലൈനുകളും, മൊബൈൽ കൗൺസിലിങ് യൂണിറ്റുകളും ദുരന്ത സാഹചര്യങ്ങളിൽ അനിവാര്യമാണ്. ആരോഗ്യപ്രവർത്തകർക്കും വോളന്റീർമാർക്കും മാനസികാരോഗ്യത്തെപ്പറ്റിയുള്ള അവബോധം അത്യാവശ്യമായും നൽകണം.
ദുരിതബാധിതരിൽ മാനസികാരോഗ്യ പ്രശ്ങ്ങളുടെ ചില ലക്ഷണങ്ങൾ
1. എപ്പോഴും ഭയം, ഇനിയും എല്ലാം ആവർത്തിക്കുമോ എന്ന പേടി
2. എപ്പോഴും കരയുക, മിണ്ടാതെയാവുക, ജീവിതത്തിൽ പ്രതീക്ഷ ഇല്ലാതാവുക
3. ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വരിക
4. ഉറക്കം ഇല്ലായ്മ, ഉറക്കത്തിൽ ഞെട്ടി എണീക്കുക
5. വിശപ്പില്ലായ്മയോ അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്യുക
6. എപ്പോഴും ഒറ്റയ്ക്കിരിക്കാൻ ശ്രമിക്കുക
7. ഒരു സിനിമ കാണുംപോലെ വളരെ വ്യക്തമായി കഴിഞ്ഞ കാര്യങ്ങൾ ഓർമ്മ വരിക, ഭയപ്പെടുക (PTSD ലക്ഷണം)
8. ദൈനംദിന കാര്യങ്ങളിൽപോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
9. തലവേദന, വയറിന് അസ്വസ്ഥത, ക്ഷീണം എന്നിവ ഉണ്ടാവുക- എന്നാൽ ശരീരത്തിന് കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ ഇരിക്കുമ്പോഴും ഈ ബുദ്ധിമുട്ടുകൾ ഉള്ളതായി തോന്നുക
10. എപ്പോഴും മടുത്തു എന്ന് പറയുക
ദുരന്തമുഖത്തു നാം എത്തിയാൽ ആളുകളെ സങ്കടങ്ങൾ തുറന്നു സംസാരിക്കാൻ പ്രേരിപ്പിക്കണം. അവരെ കേൾക്കാൻ ഒരാൾ ഉണ്ട് എന്നതുതന്നെ വലിയ ആശ്വാസം പകരും. ദുരിതബാധിതരെ കേൾക്കുന്ന വ്യക്തികളും അവരുടെ തന്നെ മാനസികാരോഗ്യം നിലനിർത്താനും ശ്രമിക്കണം.
(തിരുവല്ലയിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് തയ്യാറാക്കിയ ലേഖനം, ഫോൺ നമ്പർ; 8281933323)


