പുകവലി മൂലമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ വിവിധ അണ്ഡാശയ, ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകും. ഉദാഹരണത്തിന്, സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നത് പലപ്പോഴും പോളിസിസ്റ്റിക് ഓവറി സിൻഡ്രോമുമായി (പിസിഒഎസ്) ബന്ധപ്പെട്ടിരിക്കുന്നു.
എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ( World No Tobacco Day 2025 ) ആചരിച്ച് വരുന്നു. പുകവലി നിരവധി രോഗങ്ങൾക്കാണ് ഇടയാക്കുന്നത്. പുകവലി മൂലം ഉണ്ടാകുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വന്ധ്യത. ചില മെഡിക്കൽ അവസ്ഥകളും ജനിതക ഘടകങ്ങളും പങ്കു വഹിക്കുന്നുണ്ടെങ്കിലും ജീവിതശൈലിയിലെ മാറ്റങ്ങൾ വന്ധ്യത പ്രശ്നം കൂടുന്നതിന് പ്രധാന കാരണമായി മാറിയിട്ടുണ്ട്.
പുകയില ഉപഭോഗം പ്രത്യുൽപാദനക്ഷമതയെ ഗണ്യമായി തടസ്സപ്പെടുത്തുകയും പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. സിഗരറ്റ് പോലുള്ള പുകയില ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പ്രത്യുൽപാദന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ അതായത് തൈറോയ്ഡ്, ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി, അഡ്രീനൽ ഗ്രന്ഥികൾ - സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇത് സ്ത്രീകളിൽ കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ), ടെസ്റ്റോസ്റ്റിറോൺ (സാധാരണയായി ഒരു പുരുഷ ഹോർമോൺ) എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നു.
ഇവ രണ്ടും പ്രത്യുൽപാദന ശേഷി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, ആന്റി-മുള്ളേരിയൻ ഹോർമോൺ (AMH), പ്രോലാക്റ്റിൻ തുടങ്ങിയ അവശ്യ ഹോർമോണുകൾ കുറയുന്നു. ഇവയെല്ലാം സ്ത്രീകളുടെ പ്രത്യുൽപാദന ശേഷിയിൽ പ്രധാന പങ്ക് വഹിക്കുന്നുതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
പുകവലി മൂലമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ വിവിധ അണ്ഡാശയ, ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകും. ഉദാഹരണത്തിന്, സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നത് പലപ്പോഴും പോളിസിസ്റ്റിക് ഓവറി സിൻഡ്രോമുമായി (പിസിഒഎസ്) ബന്ധപ്പെട്ടിരിക്കുന്നു. ഇത് അണ്ഡോത്പാദനവും ആർത്തവ ചക്രങ്ങളും തടസ്സപ്പെടുന്ന ഒരു അവസ്ഥയാണ്. ഇത് സ്വാഭാവിക ഗർഭധാരണത്തെ സങ്കീർണ്ണമാക്കുന്നു. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് കുറയുന്നത് ക്രമരഹിതമായ ആർത്തവ ചക്രങ്ങൾക്ക് കാരണമാകുന്നു.
പുകവലിക്കുന്ന സ്ത്രീകൾക്ക് എക്ടോപിക് ഗർഭധാരണം, ഗർഭം അലസലുകൾ, തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സിഗരറ്റ് പുകയിൽ അടങ്ങിയിരിക്കുന്ന കാർബൺ മോണോക്സൈഡ് ഗർഭസ്ഥ ശിശുവിന്റെ കേന്ദ്ര നാഡീവ്യൂഹത്തെ (CNS) ദോഷകരമായി ബാധിക്കും.
ഗർഭകാലത്ത് പുകവലിക്കുന്നത് ഗർഭപാത്രത്തിനുള്ളിലെ വളർച്ചയെ തടസ്സപ്പെടുത്തുകയും, അകാല ജനന സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് ഗർഭസ്ഥ ശിശുവിന്റെ ശ്വാസകോശത്തിന്റെയും തലച്ചോറിന്റെയും രൂപീകരണത്തെ പ്രതികൂലമായി ബാധിക്കും.
പുകവലിക്കുന്ന അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, പൂർണ്ണ വളർച്ചയെത്തിയാലും, ജനനസമയത്ത് ഭാരം കുറവായിരിക്കും. വളരുന്തോറും, ഈ കുട്ടികൾ പൊണ്ണത്തടി, പ്രമേഹം, ആസ്ത്മ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകയില ഉപയോഗിക്കുന്ന സ്ത്രീകൾക്ക് വന്ധ്യത ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന്
അമേരിക്കൻ സൊസൈറ്റി ഫോർ റീപ്രൊഡക്റ്റീവ് മെഡിസിൻ വ്യക്തമാക്കുന്നു. ഇവരിൽ എക്ടോപിക് ഗർഭധാരണവും മാസം തികയാതെയുള്ള പ്രസവവും കൂടുതലാണ്.
പുകയില ഉപയോഗം സ്ത്രീകളുടെ ആരോഗ്യത്തിന് മാത്രമല്ല, അവരുടെ ഭാവിയിലെ കുട്ടികൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഗർഭകാലത്ത് പുകവലിക്കുന്നത് ഗര്ഭപിണ്ഡത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും കുട്ടികളിൽ ആസ്ത്മ, ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.


