1996-ൽ വേൾഡ് ഫിസിയോതെറാപ്പി ആരംഭിച്ച ഈ ദിനം ഫിസിയോതെറാപ്പിസ്റ്റുകളുടെ സംഭാവനയെ ഓർമ്മിപ്പിക്കാനുള്ള ദിനം മാത്രമല്ല, ചലനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനുള്ള ദിനം കൂടിയാണ്. മരുന്നില്ലാതെ, ശസ്ത്രക്രിയകൾ ഇല്ലാതെ ശരീരത്തെ ശരീരം കൊണ്ട് തന്നെ ചികിത്സിക്കുന്ന ശാസ്ത്രം.

നമ്മൾ ഒരു ഗുളിക കഴിക്കുമ്പോൾ ശരീരത്തിലെ ഒരു അവയവം മാത്രമാണ് പ്രതികരിക്കുന്നത്. എന്നാൽ നമ്മൾ നടക്കുമ്പോൾ, ശ്വസിക്കുമ്പോൾ, ശരീരം മുഴുവൻ സുഖപ്പെടുന്നു. ഈ സത്യമാണ് ഫിസിയോതെറാപ്പി, ഈ സത്യം ലോകത്തെ ഓർമ്മിപ്പിക്കാനാണ് എല്ലാ വർഷവും സെപ്റ്റംബർ 8 ലോക ഫിസിയോതെറാപ്പി ദിനമായി ആചരിക്കുന്നത്.

1996-ൽ വേൾഡ് ഫിസിയോതെറാപ്പി ആരംഭിച്ച ഈ ദിനം ഫിസിയോതെറാപ്പിസ്റ്റുകളുടെ സംഭാവനയെ ഓർമ്മിപ്പിക്കാനുള്ള ദിനം മാത്രമല്ല, ചലനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനുള്ള ദിനം കൂടിയാണ്. മരുന്നില്ലാതെ, ശസ്ത്രക്രിയകൾ ഇല്ലാതെ ശരീരത്തെ ശരീരം കൊണ്ട് തന്നെ ചികിത്സിക്കുന്ന ശാസ്ത്രം.

ഹൃദയസംബന്ധമായ രോഗങ്ങൾ (Cardiovascular disease), പക്ഷാഘാതം (Stroke) എന്നിവ തടയുന്നതിലും, അവ നിയന്ത്രിക്കുന്നതിലും, പുനരധിവാസത്തിലും ഫിസിയോതെറാപ്പിയുടെയും ശാരീരിക പ്രവർത്തനങ്ങളുടെയും പങ്ക് - എന്നതാണ് ഇത്തവണത്തെ പ്രമേയം. കാരണം ലോകത്ത് മരണത്തിന്റെ പ്രധാന കാരണം ഇപ്പോഴും ഹൃദ്രോഗവും പക്ഷാഘാതവുമാണ്.

സ്ട്രോക്ക് വന്ന ശേഷം വീണ്ടും നടക്കാൻ, കൈ ഉയർത്താൻ, ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നത് ഫിസിയോതെറാപ്പിയാണ്. ഒരു പഠനം പറയുന്നത് 62% ഓർത്തോപീഡിക് ഫിസിയോതെറാപ്പിക്ക് വരുന്ന രോഗികൾക്കും ഹൃദ്രോഗ ചരിത്രമുണ്ടെന്നാണ് . അതായത് എല്ലാ ഫിസിയോതെറാപ്പിസ്റ്റും ഒരു പരിധിവരെ 'ഹൃദ്രോഗ വിദഗ്ധൻ' കൂടിയാണ്. എന്നാൽ ഫിസിയോതെറാപ്പി ഹൃദയത്തിന് മാത്രമുള്ളതല്ല, കുട്ടി മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഉള്ളതാണ്.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ജോലിയിൽ നിന്ന് മാറ്റിനിർത്തുന്ന കാരണം നടുവേദനയാണ്. ലോകമെമ്പാടും നടുവേദനയുടെ വ്യാപനം ഏതാണ്ട് 50% മുതൽ 84% വരെയാണ്. നമ്മുടെ നാട്ടിൽ ഓഫീസ് ജോലിക്കാർ, ഡ്രൈവർമാർ, അധ്യാപകർ, വീട്ടമ്മമാർ എല്ലാവരിലും ഇത് സാധാരണമാണ്. മരുന്നും ശസ്ത്രക്രിയയും മാത്രമല്ല പരിഹാരം. വ്യായാമവും ശരിയായ വിദ്യാഭ്യാസവും ചേർന്നാൽ നടുവേദനയുടെ സാധ്യത ഗണ്യമായി കുറയ്ക്കാമെന്ന് പഠനങ്ങൾ പറയുന്നു.

ഫിസിയോതെറാപ്പി എന്താണ് ചെയ്യുന്നത്?

ഒന്ന്, വേദന കുറയ്ക്കുന്നു, മരുന്നില്ലാതെ. സന്ധിവേദന, നടുവേദന, കഴുത്ത് വേദന എന്നിവയിൽ ആദ്യ ചികിത്സയാണ്.

രണ്ട്, ചലനം തിരിച്ചുതരുന്നു. പക്ഷാഘാതം , അപകടം, സർജറി തുടങ്ങിയവ കഴിഞ്ഞവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഫിസിയോതെറാപ്പി കൂടിയേ തീരൂ.

മൂന്ന്, പ്രതിരോധിക്കുന്നു. തെറ്റായ ഇരിപ്പ്, ഫോൺ കഴുത്ത് എന്ന Text Neck, വീഴ്ചകൾ എന്നിവ തടയുന്നു.

നാല്, ശ്വസനം മെച്ചപ്പെടുത്തുന്നു. ആസ്ത്മ, COPD എന്നിവയിൽ കാർഡിയോ-റെസ്പിറേറ്ററി ഫിസിയോതെറാപ്പി ജീവൻ തന്നെ രക്ഷിക്കും.

ഇന്ന് ഫിസിയോതെറാപ്പി വെറും മസാജ് അല്ല, അത്യാധുനിക ശാസ്ത്രമാണ്. കാർഡിയോ, ന്യൂറോ, മസ്കുലോസ്കെലെറ്റൽ, സ്പോർട്സ്, പീഡിയാട്രിക്, ജെറിയാട്രിക് എന്നിങ്ങനെ മേഖലകളുണ്ട്. ഇത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ കരുത്താണ്. പല രാജ്യങ്ങളിലും ഡോക്ടറുടെ കുറിപ്പില്ലാതെ നേരിട്ട് ഫിസിയോതെറാപ്പിസ്റ്റിനെ കാണാം - ഇതിനെ ഡയറക്ട് ആക്സസ് എന്ന് പറയുന്നു. ഓർക്കുക, ഫിസിയോതെറാപ്പി രോഗം വന്നിട്ട് ചെയ്യേണ്ടതല്ല, രോഗം വരാതിരിക്കാൻ ചെയ്യേണ്ടതാണ്. ദിവസവും 30 മിനിറ്റ് നടത്തം, ഓരോ 45 മിനിറ്റിലും എഴുന്നേറ്റ് നിൽക്കുക, ശരിയായ ഇരിപ്പ് - ഇതെല്ലാം നിങ്ങളുടെ ദൈനംദിന മരുന്നുകളാണ്.

ലേഖനം തയ്യാറാക്കിയത്:

അരവിന്ദ് കെ എസ്,

ഫിസിയോതെറാപ്പിസ്റ്റ്, റിഹാബി ഹെൽത്ത്,

ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ

ശ്രീകാര്യം, തിരുവനന്തപുരം