Asianet News MalayalamAsianet News Malayalam

'അഴിമതി ഡിഎന്‍എയിലുള്ളവരാണ് ആരോപണം ഉന്നയിക്കുന്നത്'; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി

നാഷനല്‍ ഹെറാള്‍ഡിനെക്കുറിച്ചോ റോബര്‍ട്ട് വദ്രയുടെ അഴിമതിയെക്കുറിച്ചോ രാഹുല്‍ സംസാരിക്കില്ലെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു

'Allegations are made by those with corrupt DNA'; BJP responds to Rahul Gandhi
Author
First Published Oct 18, 2023, 4:51 PM IST

ദില്ലി:പ്രധാനമന്ത്രിക്കും അദാനിക്കുമെതിരായ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ആരോപണത്തില്‍ മറുപടിയുമായി ബിജെപി. അഴിമതി ഡിഎന്‍എയിലുള്ളവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും ബിജെപി പാര്‍ട്ടി വക്താവ് ഗൗരവ് ഭാട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ജാമ്യത്തിലാണ്. നാഷനല്‍ ഹെറാള്‍ഡിനെക്കുറിച്ചോ റോബര്‍ട്ട് വദ്രയുടെ അഴിമതിയെക്കുറിച്ചോ രാഹുല്‍ സംസാരിക്കില്ല.

ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടംബമാണ് രാഹുലിന്‍റേതെന്നും പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. കോടതിക്ക് മുമ്പാകെ പരിഗണനയിലുള്ള വിഷയമാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. ഇതു തന്നെ സുപ്രീം കോടതിയിലും ഭരണഘടനയിലും അദ്ദേഹത്തിന് വിശ്വാസമില്ലെന്നതിന്‍റെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.


ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഇരട്ടി വിലക്ക് വിറ്റ് പ്രധാനമന്ത്രിയുടെ ഒത്താശയോടെ അദാനി കൊള്ളലാഭം ഉണ്ടാക്കുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. പണം തിരിച്ചുപിടിക്കാന്‍ രാജ്യത്ത് വൈദ്യുതി നിരക്ക് ഗണ്യമായി കൂട്ടി പാവപ്പെട്ടവരുടെ പോക്കറ്റ് സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഗൗരവ് ഭാട്ടിയയുടെ പ്രതികരണം.
ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് വാര്‍ത്ത സമ്മേളനത്തിലുദ്ധരിച്ചാണ് അദാനിക്കെതിരെ രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ കടുപ്പിച്ചത്.

കല്‍ക്കരി ഇടപാടുകള്‍ക്ക് കരാര്‍ ലഭിച്ച അദാനി ഇന്തോനേഷ്യയില്‍ നിന്ന്  ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയില്‍ കൊള്ളലാഭമുണ്ടാക്കിയെന്നാണ് ആക്ഷേപം. കല്‍ക്കരി ഇന്ത്യയില്‍  ഇരട്ടി വിലക്ക് വിറ്റതിലൂടെ പന്ത്രണ്ടായിരം കോടി രൂപയുടെ നേട്ടം അദാനി ഉണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബ്ലാങ്ക് ചെക്ക് നല്‍കി പ്രധാനമന്ത്രിയാണ് പ്രോത്സാഹനം നല്‍കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വൈദ്യുതിക്ക് സബ്സിഡി നല്‍കുമ്പോള്‍ നിരക്ക് ഉയര്‍ത്തി പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ പിഴിയുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു
കുടുംബാധിപത്യത്തെ കുറിച്ച് ചോദ്യം, ബിജെപി നേതാക്കളുടെ മക്കളെ ചൂണ്ടി രാഹുലിന്റെ പരിഹാസം

 

Follow Us:
Download App:
  • android
  • ios