ആദ്യം കൊണ്ടു പോയ ആശുപത്രിയിൽ നിന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു.

ലഖ്നൗ: ഉത്ത‍‌ർപ്രദേശിൽ സ്കൂളിൽ വച്ച് നാല് വയസുള്ള ആൺ കുട്ടി സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. സ്ഥാപനത്തിലെ രണ്ട് അധ്യാപകർ കുട്ടിയെ മ‌‌ർദിച്ചുവെന്ന് സംശയിക്കുന്നതായി പൊലീസ് പ്രമുഖ വാ‍ർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞതായി റിപ്പോ‌ർട്ട്. കുട്ടി ബോധരഹിതനായി വീണുവെന്നാണ് സ്കൂളിൽ നിന്ന് കുട്ടിയെ അറിയിച്ചതെന്ന് യമുന നഗർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിവേക് ​​ചന്ദ്ര യാദവ് പറഞ്ഞു.

വെള്ളിയാഴ്ച്ചയാണ് സംഭവം. സംഭവമറിഞ്ഞ് കുട്ടിയുടെ വീട്ടുകാ‍‌ർ ഉടൻ സ്കൂളിലെത്തി. സ്‌കൂൾ ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു. ആദ്യം കൊണ്ടു പോയ ആശുപത്രിയിൽ നിന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ രണ്ടാമത്തെ ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എസ്ആർഎൻ ആശുപത്രിയിലേക്ക് അയച്ചു.

അതേ സമയം, സ്‌കൂളിലെ രണ്ട് അധ്യാപകർ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതായി കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നൈനി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു. കുടുംബം പരാതിയിൽ ലൈംഗികാതിക്രമം സംബന്ധിച്ച് പരാമ‍‌ർശിച്ചിട്ടില്ലെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡന സാധ്യത തള്ളിക്കളയാനാവാത്ത ഒരു പരിക്ക് ഉൾപ്പെടെയുണ്ടെന്നും ഡിസിപി പറഞ്ഞു.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിൽ ആൺകുട്ടിയുടെ കണ്ണിനടുത്തും, നാവിലും, സ്വകാര്യ ഭാഗത്തിന് സമീപവും മുറിവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിവേക് ​​ചന്ദ്ര യാദവ് പറഞ്ഞു. അന്വേഷണം പൂർത്തിയായതിനുശേഷം മാത്രമേ വ്യക്തമായി എന്തെങ്കിലും പറയാനാകൂ എന്നും പൊലീസിന്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....