സമോസയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 65 വയസ്സുള്ള കർഷകൻ കൊല്ലപ്പെട്ടു. കുട്ടികൾ തമ്മിലുള്ള വഴക്കിൽ ഇടപെട്ട ചാന്ദ്രമ യാദവ് എന്നയാളെ ഒരു സ്ത്രീ വാളെടുത്ത് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു.

ദില്ലി: സമോസയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബീഹാറിൽ 65 വയസ്സുള്ള ഒരു കർഷകൻ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. ഭോജ്പൂരിൽ കൗലോദിഹാരി നിവാസിയായ ചാന്ദ്രമ യാദവിന്റെ തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതി. ആക്രമണത്തിന് ശേഷം വയോധികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ..

കലോദിഹാരിയിൽ ചാന്ദ്രമക്ക് അടുത്തറിയാവുന്ന ഒരു കുട്ടി സമൂസ വാങ്ങാനായി കടയിലേക്ക് പോയി. അവിടെ നിന്നിരുന്ന മറ്റു ചില കുട്ടികൾ ഈ കുട്ടിയെ ആക്രമിക്കുകയും, കയ്യിൽ ഇരുന്ന ഭക്ഷണ സാധനങ്ങൾ തട്ടിപ്പറിച്ച് ഓടുകയും ചെയ്തു. ഇത് കണ്ടു നിന്ന ചാന്ദ്രമ മറ്റു കുട്ടികളോട് സംസാരിക്കാനായി സമോസ കടയിലേക്ക് എത്തുകയായിരുന്നു. ഇതിനിടയിൽ കടക്ക് ചുറ്റും നിന്ന ചിലരോടും സംസാരിച്ചു. അങ്ങനെ വിഷയം ഒരു തർക്കത്തിലേക്ക് പോയി. വാക്കുതർക്കം രൂക്ഷമാവുകയും ഒരു സ്ത്രീ വാളെടുത്ത് ചാന്ദ്രമ യാദവിന്റെ തലയിൽ വെട്ടുകയുമായിരുന്നു. ഇങ്ങനെ ഗുരുതരമായി പരിക്കേറ്റ ഇവർ മരിക്കുകയായിരുന്നു.