അസമിൻ ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും. രാവിലെ 11:40ന് ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളേജ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലും. 

ഗുവാഹത്തി: ബിജെപി ഹാട്രിക് വിജയം നേടിയ അസമിൽ ചൊവ്വാഴ്ച ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കും. രാവിലെ 11:40ന് ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളേജ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, എൻഡിഎ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. പുതിയ മന്ത്രിസഭയിൽ 19 ഓളം മന്ത്രിമാർ ഉണ്ടാകുമെന്ന് ഹിമന്ത ബിശ്വ ശർമ സൂചിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നതിനായിരിക്കും പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിസഭ കൂടും. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നതായിരിക്കും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അസമിൻ്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി എൻഡിഎ സർക്കാർ ഭരണം തുടരും. മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ലെന്ന് അറിയിച്ച അദ്ദേഹം, കേന്ദ്രമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകുകയുള്ളൂ എന്നും വ്യക്തമാക്കി.

അസം ജനത തങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും സംസ്ഥാന ക്ഷേമത്തിനും ശ്രദ്ധ നൽകും. തങ്ങൾക്ക് അഞ്ച് വർഷം മുന്നിലുണ്ട്. അസമിൻ്റെ വികസനത്തിനായി കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയുടെ മൂന്നാംമൂഴത്തിൽ അസം ഏറ്റവും വികസിതമായ സംസ്ഥാനങ്ങളിൽ ഒന്നാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പ്രതികരിച്ചു.

ബിജെപിയുടെ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഹിമന്ത ബിശ്വ ശർമയെ ഏകകണ്ഠമായി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 126ൽ 102 സീറ്റ് പിടിച്ചായിരുന്നു ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ വൻ മുന്നേറ്റം നടത്തിയത്. 82 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ സഖ്യകക്ഷികളായ അസം ഗണ പരിഷദും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 വീതം സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ് 19 സീറ്റുകളിൽ ഒതുങ്ങി.