രക്തസമ്മര്‍ദവും, ജോലി ഭാരവുമെല്ലാം വില്ലനാവും. അതുകൊണ്ട് തന്നെ ഇടയ്ക്ക് മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തേണ്ടതുണ്ടെന്ന് സിഇഒ പറയുന്നു.

ബെംഗളൂരു: ജോലി സമ്മര്‍ദത്തിനിടയിലും ആരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി വ്യക്തമാക്കുന്ന ഒരു കുറിപ്പ് ലിങ്ക്ഡ് ഇന്‍-ല്‍ വൈറലാണ്. ബെംഗളൂരിലെ ഒരു കമ്പനിയില്‍ സിഇഒ ആയ അമിത് മിശ്ര തന്‍റെ അനുഭവം മുന്‍നിര്‍ത്തി പങ്കുവെച്ച കുറിപ്പ് ആയിരക്കണക്കിന് ആളുകളാണ് പങ്കുവെച്ചത്. ശനിയാഴ്ച ജോലിക്കിടെ മൂക്കില്‍ നിന്ന് അമിത രക്തസ്രാവം ഉണ്ടായ ആമിത് ആശുപത്രിയിലെത്തി. രക്തസമ്മര്‍ദം ജീവിതത്തില്‍ ആദ്യമായി 230 ലേക്ക് ഉയര്‍ന്നു. 15 ടെസ്റ്റുകള്‍ നടത്തിയിട്ടും അതിന് കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അമിത് എഴുതിയിട്ടുണ്ട്. കുറിപ്പിനെ തുടര്‍ന്ന് ജോലി ഭാരം നിയന്ത്രിക്കേണ്ടതിന്‍റേയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടതിനെപറ്റിയും നിരവധി കമന്‍റുകളാണ് വന്നത്.

പതിവുപോലെ ശനിയാഴ്ച ജോലിയിലായിരുന്നു അമിത്. പെട്ടന്നാണ് മൂക്കില്‍ നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. രക്തസ്രാവം നിലയ്ക്കാത്തതോടെ കോമയിലാകുമെന്ന് പേടിച്ച അമിത് ആശുപത്രിയിലേക്കെത്തി. ഏകദേശം 20 മിനുട്ടുകളുടെ പരിശ്രമത്തിന് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് അമിത്തിന്‍റെ മൂക്കില്‍ നിന്നുള്ള രക്തം നിയന്ത്രിക്കാന്‍ സാധിച്ചത്. രക്തസമ്മര്‍ദം പരിശോധിച്ചപ്പോഴാണ് അമിത് മിശ്ര ഞെട്ടിയത്. അത് 230 ലേക്ക് ഉയര്‍ന്നിരുന്നു. ഇത്രയും ഉയര്‍ന്ന രക്തസമ്മര്‍ദം തനിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് അമിത് പറയുന്നു. മൂക്കില്‍ നിന്ന് ശക്തമായി രക്തം വരുന്നതിന് മുമ്പ് ശരീരം ഒരു തരത്തിലുള്ള ലക്ഷണങ്ങളും കാണിച്ചില്ല. 15 ലധികം മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തിയെങ്കിലും ശരീരം ഇത്തരത്തില്‍ പ്രതികരിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. ഇനിയും ചില പരിശോധനകള്‍ നടത്താനുണ്ടെന്നും ചികിത്സയില്‍ തുടരുകയാണെന്നും അമിത് പറയുന്നു.

തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നിന്നുകൊണ്ട് അമിത് ചില കാര്യങ്ങളും പറയുന്നുണ്ട്. നിങ്ങളുടെ ശരീരം എല്ലായ്പ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. രക്തസമ്മര്‍ദവും, ജോലി ഭാരവുമെല്ലാം വില്ലനാവും. അതുകൊണ്ട് തന്നെ ഇടയ്ക്ക് മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തേണ്ടതുണ്ട്. ജോലി വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ നമ്മുടെ ആരോഗ്യം വിലമതിക്കാനാവാത്തത്ര പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തെ ബാധിക്കുന്ന ചെറിയ ചെറിയ ലക്ഷണങ്ങള്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. എന്തെങ്കിലും ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ വരുന്നതുവരെ നമ്മുടെ ആരോഗ്യത്തിന് ഒരു പ്രശ്നവുമില്ലെന്നാണ് നമ്മള്‍ കരുതുക. നിരവധിപേരാണ് അമിത് മിശ്രയുടെ ഈ കുറിപ്പ് പങ്കുവെച്ചത്.

Read More:തൊഴിലാളി സ്വന്തമായി ബിസിനസ് തുടങ്ങിയത് ഇഷ്ടപ്പെട്ടില്ല, അവസാനിപ്പിക്കണമെന്ന് ഭീഷണി;പക തീര്‍ക്കാന്‍ കൊന്നുതള്ളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം