ബെംഗളൂരുവിൽ 59 വയസ്സുള്ള സ്കൂൾ അധ്യാപികയിൽ നിന്ന് മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടയാൾ 2.27 കോടി രൂപ തട്ടിയെടുത്തു. യുഎസ് പൗരനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി, വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരു: 59 വയസ്സുള്ള സ്കൂൾ അധ്യാപികയിൽ നിന്ന് 2.27 കോടി രൂപ തട്ടിയെടുത്തായി പൊലീസ്. മാട്രിമോണിയൽ പോർട്ടലിലൂടെ പരിചയപ്പെട്ടയാളാണ് ഇവരെ വഞ്ചിച്ച് പണം തട്ടിയെടുത്തത്. വിധവയായ സ്ത്രീ ഏറെ നാളായി ഒരു കൂട്ടിനായി ശ്രമം നടത്തുകയായിരുന്നു. ഇതിനായി മാട്രിമോണിയൽ പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യുകയായിരുന്നു. 2019 ഡിസംബറിലാണ് യുഎസ് പൗരൻ അഹാൻ കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളുമായി സൗഹൃദത്തിലാവുന്നത്. തുർക്കിയിലെ ഇസ്താംബൂളിലെ ഒരു കമ്പനിയുടെ ഡ്രില്ലിംഗ് എഞ്ചിനീയർ ആണ് ഇയാളെന്നാണ് അധ്യാപികയായ സ്ത്രീയോട് പറഞ്ഞത്. പതിയെപ്പതിയെ പ്രതി ഇവരുമായി വളരെ അടുപ്പത്തിലായെന്നും പൊലീസ് പറയുന്നു.

തന്റെ ഭാര്യയോടെന്ന പോലെയാണ് പ്രതി ഈ സ്ത്രീയോട് പെരുമാറിയിരുന്നത്. എന്നും വിളിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും പക്വമായ പെരുമാറ്റവും കരുതലും സ്നേഹവും കാണിക്കുന്ന പ്രകൃതവുമാണ് തന്നെ അയാളിലേക്ക് അടുപ്പിച്ചതെന്നും സ്ത്രീ നൽകിയ മൊഴിയിൽ പറയുന്നു. 2020 ജനുവരിയിൽ ഭക്ഷണം കഴിക്കാൻ പണമില്ലെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ആദ്യമായി ഇയാൾ പണം ആവശ്യപ്പെട്ടത്. അപ്പോൾ നൽകിയ അക്കൗണ്ടിലേക്ക് ഓൺലൈൻ ഇടപാട് വഴി പരാതിക്കാരി പണം അയച്ച് നൽകുകയായിരുന്നു. മൊബൈൽ ഫോൺ ആപ്പ് വഴിയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും എഫ് ഐ ആറിൽ പറയുന്നു.

പിന്നീട് ചികിത്സാ ചെലവുകൾ, ജീവിതച്ചെലവ്, പിഴത്തുകകൾ തുടങ്ങി പല ആവശ്യങ്ങളും പറഞ്ഞ് പ്രതി കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇങ്ങനെ ഇന്ത്യയിലെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ വഴി പ്രതിക്ക് 2.27 കോടി രൂപ പണം കൈമാറിയതായി പരാതിക്കാരി പറയുന്നു. പണം പല തവണ തിരികെ ചോദിച്ചപ്പോഴും പ്രതി തിരിച്ചു തരാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഇതിനു ശേഷം വീണ്ടും ഇയാൾ 3.5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ ഒക്ടോബർ 3 ന് സ്ത്രീ പൊലീസിനെ സമീപിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.