തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ ബിജെപി. രാമനെയും ശിവനെയും താരതമ്യം ചെയ്തുള്ള പരാമർശത്തിനെതിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബണ്ടി സഞ്ജയ് കുമാർ ആണ് രംഗത്തെത്തിയത്.
ഹൈദരാബാദ്: രാമനെയും ശിവനെയും താരതമ്യം ചെയ്തുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ ബിജെപി. രാമൻ സമ്പന്നരുടെ ദൈവമാണെന്നും ശിവൻ ദരിദ്രരുടേതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ആണ് ബിജെപി രംഗത്തെത്തിയത്. രേവന്ത് റെഡ്ഡിയുടെ പരാമർശത്തെ അപലപിച്ച ബിജെപി, രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തെ വിഭജിക്കാനാണ് രേവന്ത് റെഡ്ഡിയുടെ ശ്രമമെന്ന് വിമർശിച്ചു.
ദില്ലിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, ബിജെപി പതിവായി ജയ് ശ്രീറാം മുഴക്കുന്നത് ചോദ്യം ചെയ്യവെയായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. എന്തുകൊണ്ടാണ് നരേന്ദ്ര മോദിയും ബിജെപി നേതാക്കളും സമാനമായി ഹര ഹര മഹാദേവ് മുഴക്കാത്തത് എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ ചോദ്യം. തങ്ങൾ ദ്രാവിഡന്മാരാണെന്നും അവർ ആര്യന്മാരാണെന്നും പറഞ്ഞ രേവന്ത് റെഡ്ഡി, തങ്ങൾ ശിവഭക്തരാണെന്നും അവർ രാമ ഭക്തരാണെന്നും പറഞ്ഞു. വാക്കുകൾ തുടർന്ന രേവന്ത് റെഡ്ഡി, ശിവൻ ദരിദ്രരുടെ ദൈവമാണെന്നും രാമൻ സമ്പന്നരുടെ ദൈവമാണെന്നും അഭിപ്രായപ്പെട്ടു.
തെലങ്കാനയിലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബണ്ടി സഞ്ജയ് കുമാർ ആണ് രേവന്ത് റെഡ്ഡിയുടെ പരാമർശത്തെ ചോദ്യംചെയ്ത് രംഗത്തെത്തിയത്. മുസ്ലീം എന്നാൽ കോൺഗ്രസ് ആണ്, കോൺഗ്രസ് എന്നാൽ മുസ്ലിം ആണ് എന്ന് പറയുന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഇപ്പോൾ ശ്രീരാമനും ശിവനുമിടയിൽ രാഷ്ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുകയാണെന്ന് ബണ്ടി സഞ്ജയ് കുമാർ വിമർശിച്ചു.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന വേമുലവാഡയും ദക്ഷിണ അയോധ്യ എന്നറിയപ്പെടുന്ന ഭദ്രാചലവുമുള്ള തെലങ്കാനയുടെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി, ശ്രീരാമനെയും ശിവനെയും വടക്കെന്നും തെക്കെന്നും പറഞ്ഞ് വിഭജിക്കരുതെന്ന് മനസ്സിലാക്കേണ്ടതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയെയാണ് പ്രതിനിധീകരിക്കുന്നത്. വാരണാസിയുടെ ആത്മീയ ഹൃദയത്തിൽ കാശി വിശ്വനാഥനായ പരമശിവനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ വോട്ട് തേടുന്നതിനായി ദൈവനാമത്തിൽ പ്രതിജ്ഞ എടുത്ത രേവന്ത് റെഡ്ഡി ഇപ്പോൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ ദൈവങ്ങളെ തന്നെ ഉപയോഗിക്കുന്നു. കോൺഗ്രസിന്റെ ഈ വിഭജന രാഷ്ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണമെന്നും ബണ്ടി സഞ്ജയ് കുമാർ ആവശ്യപ്പെട്ടു


