പശ്ചിമ ബം​ഗാളിൽ ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിനുള്ള ഫണ്ട് വെട്ടിക്കുറിച്ചു ബിജെപി സ‍ർക്കാർ. ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിലാണ് പ്രഖ്യാപനം. 2,165.42 കോടി രൂപയാണ് വകയിരുത്തിയത്. 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിനുള്ള ഫണ്ട് വെട്ടിക്കുറിച്ചു. ധനമന്ത്രി സ്വപൻ ദാസ് ഗുപ്ത അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലാണ് ഫണ്ട് വെട്ടിക്കുറച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപി സർക്കാർ 2,165.42 കോടി രൂപയാണ് ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിന് വകയിരുത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ 5,713 കോടി രൂപയായിരുന്നു വകുപ്പിന് വേണ്ടി വകയിരുത്തിയിരുന്നത്. ഇതേ തുടർന്ന് മമത സർക്കാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി വിമർശനം ഉന്നയിച്ചിരുന്നു.

മദ്രസകളുടെ പ്രവർത്തനവും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കാനായി പശ്ചിമ ബം​ഗാൾ സ‍‍ർക്കാർ സംസ്ഥാന വ്യാപക സ‍ർവേ ആരംഭിച്ചതിന് പിന്നാലെയാണ് ഫണ്ട് വെട്ടിക്കുറയ്ക്കുന്ന നടപടി ഉണ്ടായത്. ബിജെപിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. സർക്കാർ നടപടി തീർച്ചയായും നിർഭാഗ്യകരമാണെന്നും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം ഈ ബജറ്റിൽ ഒട്ടും പ്രതിഫലിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി പറഞ്ഞു.

ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങൾക്കും വേണ്ടി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ കുനാൽ ഘോഷ് പറഞ്ഞു.

ന്യൂനപക്ഷങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കാനുള്ള ശ്രമം കാത്തിരുന്നു കാണാമെന്ന് എജെയുപി നേതാവ് ഹ്യൂമയൂൺ കബീർ പറഞ്ഞു. നിയമസഭയ്ക്കുള്ളിലും ആവശ്യമെങ്കിൽ പുറത്തും താൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തും. ആവശ്യമെങ്കിൽ സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തും. ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഹ്യൂമയൂൺ കബീർ പറഞ്ഞു.