ഖരഗ്പൂർ ഐഐടി കാമ്പസിലെ രാജേന്ദ്ര പ്രസാദ് ഹാൾ ഹോസ്റ്റൽ കെട്ടിടത്തിലെ തന്‍റെ മുറിയിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

DID YOU
KNOW
?
ഈ വർഷം 4 പേർ ജീവനൊടുക്കി
ഖരഗ്പൂർ ഐഐടിയിൽ ഈ വർഷം ജീവിതം അവസാനിപ്പിച്ചത് നാല് വിദ്യാർത്ഥികളാണ്. മാനസിക സമ്മർദം കുറയ്ക്കാൻ പദ്ധതികളുമായി അധികൃതർ

കൊൽക്കത്ത: ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഹോസ്റ്റൽ മുറിയിൽ ബിടെക് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ റിതം മൊണ്ടൽ (21) ആണ് മരിച്ചത്. കൊൽക്കത്ത സ്വദേശിയാണ്. ജനുവരിക്ക് ശേഷം നാലാമത്തെ സംഭവമാണിത്.

ഖരഗ്പൂർ ഐഐടി കാമ്പസിലെ രാജേന്ദ്ര പ്രസാദ് (ആർപി) ഹാൾ ഹോസ്റ്റൽ കെട്ടിടത്തിലെ തന്‍റെ മുറിയിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം മുറിയിലേക്ക് പോയതാണ്. പെരുമാറ്റത്തിൽ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികളിൽ ഒരാൾ പറഞ്ഞു.

രാവിലെ ആവർത്തിച്ച് വാതിലിൽ മുട്ടിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉച്ചയ്ക്ക് 12 മണിയോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നു. തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടത്. വിദ്യാർത്ഥിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥിയുടെ മരണം സഹപാഠികളെയാകെ ഞെട്ടിച്ചു.

ജനുവരി 12 ന് ഇതേ ക്യാമ്പസിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഷവോൺ മാലിക്കിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഏപ്രിൽ 20 ന് ഓഷ്യൻ എഞ്ചിനീയറിംഗിലെ അവസാന വർഷ വിദ്യാർത്ഥിയായ അനികേത് വാക്കറിനെയും സമാനമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മെയ് 4 ന് മൂന്നാം വർഷ ബി-ടെക് വിദ്യാർത്ഥിയായ മുഹമ്മദ് ആസിഫ് ഖമറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇതോടെ വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ അധികൃതർ നടപടിയെടുത്തിരുന്നു. വിദ്യാർത്ഥികൾക്ക് ഏത് സമയത്തും കൗൺസിലിംഗ് ലഭ്യമാകുന്ന ഹെൽപ്പ്‌ലൈൻ നമ്പർ സ്കാൻ ചെയ്യാൻ കഴിയുന്ന തരത്തിൽ എല്ലാ ഹോസ്റ്റൽ മുറികളുടെയും മുന്നിൽ ബാർ കോഡുകൾ സ്ഥാപിച്ചു. കൂടാതെ അടുത്തിടെ 'കാമ്പസ് മദേഴ്‌സ്' പ്രോഗ്രാം ആരംഭിച്ചു. അധ്യാപികമാരുടെ നേതൃത്വത്തിലാണ് ഈ പദ്ധതി പ്രകാരം മാനസിക സമ്മർദത്തിലായ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)