ജാമ്യം ലഭിക്കാത്തതടക്കം ഭാരതീയ ന്യായ സംഹിതയിലെ നാല് വകുപ്പുകളാണ് പാസ്റ്റര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

ദില്ലി: വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മലയാളി പാസ്റ്റര്‍ക്കെതിരെ രാജസ്ഥാനില്‍ കേസ്. ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജിനെതിരെയാണ് കേസ്. ആരാധനാലയത്തില്‍ ബുള്‍ഡോസറുമായെത്തി ആര്‍എസ്എസ്, ഹനുമാന്‍ സേന, ബജ്രരംദ് ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ 15നാണ് കേസെടുത്തതെന്ന് പാസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജൂലൈ ആറിന് വീണ്ടും സമാന സാഹചര്യം ഉണ്ടായി. അന്നും ബുള്‍ഡോസറുകളുമായെത്തി പള്ളി പൊളിക്കാന്‍ നീക്കം നടത്തിയെന്നാണ് തോമസ് ജോര്‍ജ് ആരോപിക്കുന്നത്. പൊലീസ് സംരക്ഷണം ഉണ്ടായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ബുള്‍ഡോസറുമായി ആരാധനാലയത്തിന് മുന്നിലേക്ക് ഇരച്ചെത്തുകയായിരുന്നുവെന്നും. ആരാധനാലയം അടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തോമസ് ജോര്‍ജ് ആരോപിച്ചു.

ജാമ്യം ലഭിക്കാത്തതടക്കം ഭാരതീയ ന്യായ സംഹിതയിലെ നാല് വകുപ്പുകളാണ് പാസ്റ്റര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആരാധനലായത്തില്‍ പ്രശ്നമുണ്ടാക്കിയ ആര്‍എസ്എസ്, ബജ്രരംഗദള്‍ ,ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. 

തോമസ് ജോര്‍ജിനെതിരായ കേസ് വെള്ളിയാഴ്ച കോടതി പരിഗണിച്ചെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്ററാണ് തോമസ് ജോര്‍ജ്. കന്യാസ്ത്രീകള്‍ക്ക് നേരിട്ട ദുരനുഭവം രാജ്യമാകെ ചര്‍ച്ചയായതോടെയാണ് കെട്ടിച്ചമച്ച കേസ് തനിക്കെതിരെ ചുമത്തിയെന്ന പരാതിയുമായി തോമസ് ജോര്‍ജ് നീതി തേടുന്നത്.

YouTube video player