നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ സൂത്രധാരൻ പിടിയിൽ. മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും കെമിസ്ട്രി അധ്യാപകനുമായ പി വി കുൽക്കർണി ആണ് സിബിഐ സംഘത്തിൻ്റെ പിടിയിലായത്.
ദില്ലി: മെഡിക്കൽ പഠനപ്രവേശന പരീക്ഷയായ നീറ്റിൻ്റെ ചോദ്യപ്പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും കെമിസ്ട്രി അധ്യാപകനുമായ പി വി കുൽക്കർണി ആണ് അറസ്റ്റിലായത്. പൂനെയിൽ നിന്നാണ് ഇയാളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് വേണ്ടി പരീക്ഷാ നടപടികളിൽ ഏർപ്പെട്ടിരുന്ന ഇയാൾക്ക് ചോദ്യപേപ്പർ കൈകാര്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നുവെന്ന് സിബിഐ പ്രസ്താവനയിൽ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രിൽ അവസാനം പൂനെയിലെ വസതിയിൽവെച്ച് ഇയാൾ വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ കോച്ചിങ് ക്ലാസുകൾ നൽകിയെന്നാണ് സിബിഐ പറയുന്നത്. ഇതിൽ മറ്റൊരു പ്രതിയായ മനിഷ വാഗ്മരെയുടെ സഹായം ലഭിച്ചതായും സിബിഐ അറിയിച്ചു.
ക്ലാസുകൾക്കിടയിൽ കുൽക്കർണി ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും പറഞ്ഞുകൊടുത്തതായി പറയപ്പെടുന്നു. അദ്ദേഹം പറഞ്ഞുകൊടുത്ത ഈ വിവരങ്ങൾ വിദ്യാർത്ഥികൾ അവരുടെ നോട്ട്ബുക്കുകളിൽ കൈപ്പടയിൽ എഴുതിയെടുത്തിരുന്നു. ഇവ നീറ്റ് പരീക്ഷയിലെ യഥാർത്ഥ ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോകുന്നതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലൂടെ ആണ് സിബിഐയ്ക്ക് പി വി കുൽക്കർണിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പരിശോധനകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പിടിച്ചെടുത്തിരുന്നു. ഇവയുടെ ഫൊറൻസിക് പരിശോധന നടന്നുവരികയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പരാതിയിൽ മെയ് 12നാണ് സിബിഐ കേസെടുക്കുകയും പ്രത്യേക സംഘത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
മെയ് 14ന് ജയ്പുർ, ഗുരുഗ്രാം, നാസിക്, പൂനെ എന്നിവിടങ്ങളിൽ നിന്നായി ഏഴുപേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അഞ്ചുപേരെ കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. ഇവരെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.
അതേസമയം ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21ന് നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചു. മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയിൽ 22.79 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്. മെയ് 12നാണ് പരീക്ഷ റദ്ദാക്കുന്നതായുള്ള പ്രഖ്യാപനം വന്നത്. നീറ്റ് പരീക്ഷയുടെ 13 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് പരീക്ഷ റദ്ദാക്കുന്ന സാഹചര്യമുണ്ടായത്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ ഓൺലൈനായി നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.


