മണ്ഡല പുനർനിർണയ ബില്ല് പാസാക്കാൻ ഡിഎംകെയുടെ സഹായം തേടി കേന്ദ്ര സർക്കാർ. 1971ലെ സെൻസസ് തന്നെ ആധാരമാക്കി മണ്ഡല പുനർനിർണയം നടത്താമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. സമവായമായാൽ ബില്ല് വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരാനാണ് കേന്ദ്രത്തിൻ്റെ നീക്കം.
ദില്ലി: ലോക്സഭ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിൽ ഡിഎംകെയുടെ സഹായം തേടി കേന്ദ്ര സർക്കാർ. 1971ലെ സെൻസസ് തന്നെ ആധാരമാക്കി മണ്ഡല പുനർനിർണയം നടത്താമെന്ന നിർദേശം കേന്ദ്രം ഡിഎംകെയ്ക്ക് മുൻപാകെ വെച്ചിട്ടുണ്ട്. സമവായമായാൽ ബില്ല് വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരും.
ഡിഎംകെയ്ക്ക് പുറമേ, തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർക്ക് മുൻപിലും കേന്ദ്ര സർക്കാർ വിഷയം അവതരിപ്പിച്ചേക്കും. ഇക്കാര്യം വിമത ക്യാമ്പുമായി ചർച്ച ചെയ്തുവെന്ന റിപ്പോർട്ടുണ്ട്. പല എംപിമാരും കേന്ദ്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ കൂടാതെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൂടി കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കും.
നേരത്തെ മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഏപ്രിൽ മാസം ലോക്സഭയിൽ 528 അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ ബില്ല് പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 352 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ, 298 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. 230 അംഗങ്ങൾ ബില്ലിനെ എതിർത്തു.
എന്നാൽ നിലവിൽ ഡിഎംകെ കോൺഗ്രസുമായി ഉടക്കി നിൽക്കുന്നതും തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതും മുതലെടുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ലോക്സഭയിൽ ഡിഎംകെയ്ക്ക് 22 എംപിമാരും തൃണമൂൽ കോൺഗ്രസിന് 28 എംപിമാരുമാണ് ഉള്ളത്.


