പാറ്റ്നയിലെ പുതിയ ഇരുനില മേൽപ്പാലത്തിൽ നിന്ന് കുട്ടികൾ നട്ടും ബോൾട്ടും അഴിച്ചുമാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

പാറ്റ്ന: ബീഹാറിലെ പാറ്റ്നയിലെ എലിവേറ്റഡ് ഇടനാഴി അഥവാ ഇരുനില മേൽപ്പാലത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഈ വീഡിയോകളിൽ ചില കുട്ടികൾ മേൽപ്പാലത്തിൽ നിന്ന് നട്ടും ബോൾട്ടും അഴിച്ചുമാറ്റുന്നതാണുള്ളത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടുത്തിടെ ഉദ്ഘാടനം ചെയ്ത മേൽപ്പാലമാണിത്.

പാറ്റ്നയിലെ ഇരുനില മേൽപ്പാലം ജൂൺ 11-നാണ് തുറന്നത്. ഈ കുട്ടികൾ അതിന്റെ നട്ടും ബോൾട്ടും അഴിച്ചുമാറ്റുന്നത് കാണാം. ഗുരുതരമായ സുരക്ഷാ പ്രശ്നം! ഇവരെ കണ്ടാൽ അവിടത്തുകാരെപ്പോലെ തോന്നുന്നില്ല, ഒരുപക്ഷേ ബംഗ്ലാദേശികൾ ആകാം എന്നാണ് ഒരാൾ വീഡിയോ പങ്കുവെച്ച് കുറിച്ചത്. ഉപയോഗിച്ച ബോൾട്ടുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അവർ ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. കൈ ഉപയോഗിച്ച് മാത്രം അഴിക്കാൻ കഴിയുന്ന നട്ടുകളാണോ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ചോദ്യം.

ഗാന്ധി മൈതാനത്തിനടുത്തുള്ള കാർഗിൽ ചൗക്കിൽ നിന്ന് ആരംഭിച്ച് പിഎംസിഎച്ച് വഴി സയൻസ് കോളേജ് വരെ പോകുന്ന അശോക് രാജ്പഥിന് മുകളിലായാണ് ഈ ഇരുനില പാലം നിർമ്മിച്ചിരിക്കുന്നത്. ഈ ഇരുനില മേൽപ്പാലത്തിന് അതിവേഗം മുന്നേറുന്ന പാറ്റ്ന മെട്രോ പദ്ധതിയുമായുള്ള ബന്ധം നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ജൂൺ 11ന് ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നു.

422 കോടി രൂപ മുടക്കിയാണ് ബിഹാർ സ്റ്റേറ്റ് ബ്രിഡ്ജ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് ഈ മേൽപ്പാലം നിർമ്മിച്ചത്. ഉദ്ഘാടനത്തിന് ശേഷം, മുഖ്യമന്ത്രി ഗാന്ധി മൈതാനത്തിനടുത്തുള്ള കാർഗിൽ ചൗക്ക് മുതൽ സയൻസ് കോളേജ് വരേയും സയൻസ് കോളേജ് മുതൽ കാർഗിൽ ചൗക്ക് വരേയുമുള്ള ഇരുനില മേൽപ്പാലം പരിശോധിച്ചിരുന്നു

ഗാന്ധി മൈതാനം മുതൽ സയൻസ് കോളേജ് വരെയുള്ള എലിവേറ്റഡ് ഇടനാഴിയുടെ മുകളിലെ ഡെക്കിന് (Tier-II) 2175.50 മീറ്റർ നീളമുണ്ട്. ഗാന്ധി മൈതാനത്ത് നിന്ന് സയൻസ് കോളേജിലേക്ക് പോകുന്ന വാഹനങ്ങൾക്കുള്ളതാണ് മുകളിലെ ഡെക്ക് (Tier-II). താഴത്തെ ഡെക്കിന് (Tier-I) 1449.30 മീറ്റർ നീളമുണ്ട്, ഇത് ഗാന്ധി മൈതാനത്ത് നിന്ന് പാറ്റ്ന കോളേജിലേക്ക് പോകുന്ന വാഹനങ്ങൾക്കുള്ളതാണ്. ഈ പാതയുടെ ഡെക്കിന്റെ വീതി 8.5 മീറ്ററാണ്. കഴിഞ്ഞ വർഷം മാത്രം ബീഹാറിൽ 15 പാലങ്ങളാണ് തകർന്നത്.