ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഡ് മുസ്‍ലിം സർവകലാശാലയിലെ പ്രതിഷേധസമരത്തിൽ പങ്കെടുത്ത് സംസാരിച്ചതിന് അറസ്റ്റിലായ ഡോ. കഫീൽ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കഫീൽ ഖാനെ പിന്നീട് മഥുര ജയിലിലേക്ക് മാറ്റി. ആദ്യം അലി​ഗഡ് ജയിലിലേക്ക് അയച്ച കഫീൽ ഖാനെ മണിക്കൂറുകൾക്കുള്ളിലാണ് മധുര ജയിലിലേക്ക് മാറ്റിയതെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഡിസംബര്‍ 12ന്  അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധസമരത്തിൽ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് കഫീൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽവച്ചായിരുന്നു കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറില്‍ നടന്ന പ്രതിഷേധസമരത്തെ അഭിസംബോധന ചെയ്തതിനു ശേഷം മുംബൈയില്‍ നടക്കാനിരുന്ന പ്രതിഷേധസമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കഫീല്‍ ഖാന്‍. ഇതിനിടെ വിമാനത്താവളത്തില്‍ എത്തിയ കഫീലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More: തന്നെ കള്ളക്കേസിൽ കുടുക്കിയതാണ്, യുപി പൊലീസിൽ വിശ്വാസമില്ലെന്ന് ഡോ കഫീൽ ഖാൻ

അലിഗഡിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കഫീലിനെ അറസ്റ്റ് ചെയ്തത്. പ്രസംഗത്തില്‍ വര്‍ഗീയത പരത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കഫീല്‍ ഖാന്‍ നടത്തിയതായാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. കൂടാതെ ആര്‍എസ്എസിനെതിരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെയും വിവാദപരമായ പരാമര്‍ശങ്ങള്‍ കഫീല്‍ ഖാന്‍ നടത്തിയതായും എഫ്ഐആറിൽ പറയുന്നു.

Read More: പൗരത്വ പ്രതിഷേധത്തിന്‍റെ പേരിൽ ഡോ. കഫീൽ ഖാൻ അറസ്റ്റിൽ

യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗവിദഗ്ധനായിരുന്ന ഡോ. കഫീല്‍ ഖാന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. 2017ൽ ആശുപത്രി ഓക്‌സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റാരോപിതരായ ഒമ്പത് പേരില്‍ ഒരാളാണ് ഡോ. കഫീല്‍ ഖാന്‍. സംഭവത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഫീൽ ഖാനെ ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപി സർക്കാറിനെതിരെ രൂക്ഷവിമർശനങ്ങൾ നടത്തിയതിന്റെ പേരിലും കഫീൽ ഖാൻ വാർത്തകളിൽ ഇടംനേടിയിരുന്നു. 
 

Read More: എന്താണ് ഡോ. കഫീൽ ഖാൻ ചെയ്ത കുറ്റം? എന്തൊക്കെയാണ് ആ പ്രസംഗത്തിലെ പരാമർശങ്ങൾ ?