സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി. ജന്തർ മന്തറിൽ തന്നെ സമരം ചെയ്യാൻ അനുമതി തേടി തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് സിജെപി പ്രഖ്യാപനം.
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വീണ്ടും സമരത്തിന് അനുമതി തേടാനായി കോക്റോച്ച് ജനത പാർട്ടി (സിജെപി) നേതാക്കൾ. തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തുമെന്നും ജന്തർ മന്തറിൽ സമരാനുമതിക്കായുള്ള തീയതി ആവശ്യപ്പെടുമെന്നും സിജെപി സഹ കൺവീനർ അശുതോഷ് രംഗ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ജന്തർ മന്തറിൽ പ്രതിഷേധിക്കാനായി ഒരു തീയതി തരണമെന്നും ഇല്ലെങ്കിൽ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. സൗരവ് ദാസും രത്ന സിങ്ങും അശുതോഷിനൊപ്പം എത്തും.
ദില്ലി പൊലീസ് വിമാനത്തിൽ കയറി കസ്റ്റഡിയിൽ എടുത്ത സിജെപി നേതാക്കളായ അഭിജിത്ത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർക്ക് കർശന വ്യവസ്ഥകളോടെ മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ മുംബൈയിൽ നിന്ന് ശനിയാഴ്ച രാവിലെ ദില്ലിയിലെത്തിയ മൂവരെയും വിമാനത്തിൽ കയറിയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. സമാധാന അന്തരീക്ഷം തകർക്കാതിരിക്കാനും സമൂഹത്തിൽ മറ്റ് പ്രശ്നങ്ങളുണ്ടാക്കാതിരിക്കാനുമുള്ള കരുതൽ നടപടിയായാണ് കസ്റ്റഡിയിൽ എടുത്തതെന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം.
മൂന്നുപേരെയും 24 മണിക്കൂർ നേരം പ്രത്യേക ഇടങ്ങളിൽ കരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷം ഞായറാഴ്ച രാവിലെ പത്തരക്ക് ദില്ലി കന്റോൺമെന്റ് സ്റ്റേഷനിൽ സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഇവരെ ഹാജരാക്കി. സമാധാനം നിലനിർത്തുന്ന പെരുമാറ്റം ഉറപ്പാക്കാമെന്ന ഒരു വർഷത്തേക്കുള്ള ബോണ്ടിന് അമ്പതിനായിരം രൂപ കെട്ടിവെക്കാൻ മജിസ്ട്രേറ്റ് ജാമ്യ ഉത്തരവിൽ നിർദേശിച്ചു. മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അഭിജിത് ദീപ്കേ മുംബൈക്ക് മടങ്ങി.
മുത്തശ്ശിയുടെ മരണവിവരം അറിയിക്കുന്നതിൽ പോലും ദില്ലി പൊലീസ് മര്യാദ കാട്ടിയില്ലെന്ന് അഭിജിത്ത് ദീപ്കെ ആരോപിച്ചു. ആരോപണം പൊലീസ് നിഷേധിച്ചു. ഗ്യാനേഷ് കുമാറെന്ന ഒറ്റ വ്യക്തിയെ സംരക്ഷിക്കാൻ രാജ്യതലസ്ഥാനത്ത് മോദിയും അമിത് ഷായും കോട്ടകെട്ടിയിരിക്കുന്നത് എന്തിനാണെന്നും ഇത്രയും വലിയ എന്ത് രഹസ്യമാണ് ഗ്യാനേഷ് കുമാറിന് അറിയാവുന്നതെന്നും ഉച്ചയ്ക്ക് പ്രസ് ക്ലബിലെത്തി നടത്തിയ വാർത്താ സമ്മേളനത്തിൽ സിജെപി നേതാക്കൾ ചോദിച്ചിരുന്നു.


