സംയുക്ത സൈനിക മേധാവി ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസികളായ ബ്ലൂംബെർഗിനോടും റോയിട്ടേഴ്സിനോടും നടത്തിയ പ്രതികരണം ആയുധമാക്കി കോൺഗ്രസ്
ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന സൂചന നൽകി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. തുടക്കത്തിലെ നഷ്ടങ്ങൾ അതിവേഗം പരിഹരിച്ച് ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരം ഏൽപിച്ചു എന്ന് സംയുക്ത സൈനിക മേധാവി സിംഗപ്പൂരിൽ പറഞ്ഞു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ തകർത്തു എന്ന പാകിസ്ഥാൻ പ്രചാരണം കള്ളമാണെന്നും ജനറൽ ചൗഹാൻ വ്യക്തമാക്കി. സിഡിഎസിൻറെ പ്രസംഗത്തിലെ 'തുടക്കത്തിലെ നഷ്‌ടം' എന്ന പ്രയോഗം ആയുധമാക്കി രംഗത്ത് വന്ന കോൺഗ്രസ്, ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അന്വേഷണ സമിതിയെ നിയോഗിക്കുമോയെന്ന് ചോദിച്ചു.
വാർത്താ ഏജൻസിയായ ബ്ളൂംബർഗിനോട് സിംഗപ്പൂരിലെ ഷാൻഗ്രില ഡയലോഗ്‌സിൽ സംസാരിക്കുമ്പോഴാണ് സംയുക്ത സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ വിമാനമോ വിമാനങ്ങളോ സംഘർഷത്തിൽ നഷ്ടമായിട്ടുണ്ട്. എന്നാൽ ഇതെന്തുകൊണ്ടുണ്ടായി എന്ന് കണ്ടെത്തി പിഴവ് പരിഹരിച്ച് തന്ത്രം മാറ്റാനായി എന്നും സിഡിഎസ് സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് വിമാനങ്ങൾ ഉപയോഗിച്ച് തന്നെ അകലെ നിന്ന് പല ലക്ഷ്യങ്ങളും പിന്നീട് തകർക്കാൻ കഴിഞ്ഞതും ജനറൽ അനിൽ ചൗഹാൻ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു ഏജൻസിയായ റോയിട്ടേഴ്സിനോട് സംസാരിക്കുമ്പോഴും തുടക്കത്തിൽ ചില നഷ്ടങ്ങൾ ഉണ്ടായെന്ന് ജനറൽ ചൗഹാൻ പറയുന്നു. ഇതിൻറെ സംഖ്യ പ്രധാനമല്ല. എന്നാൽ മേയ് ഏഴിനും എട്ടിനും ഒമ്പതിനും പത്തിനും ഇത് പരിഹരിച്ച് പാകിസ്ഥാൻറെ വ്യോമ താവളങ്ങൾ കൃത്യതയോടെ തകർത്തു. പാകിസ്ഥാൻറെ വ്യോമ പ്രതിരോധ സംവിധാനം ആകെ മറികടന്നു. ഇതിനാണ് പ്രാധാന്യം നൽകേണ്ടത്. എന്നാൽ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ തകർത്തു എന്ന പാക് സേനയുടെ അവകാശവാദം കള്ളമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ജനറൽ ചൗഹാൻ വിശദീകരിക്കുന്നു.
നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യ കൈവരിച്ച നേട്ടം നോക്കുമ്പോൾ ഇത് പ്രധാനമല്ലെന്നും പ്രതിരോധ സേനകൾ മെയ് 11 ന് നടത്തിയ വാർത്താസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ജനറൽ ചൗഹാൻറെ സൂചന കോൺഗ്രസ് ആയുധമാക്കുകയാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻറെ പിതാവ് കെ സുബ്രമണ്യത്തിൻറെ അദ്ധ്യക്ഷതയിൽ എ ബി വാജ്പേയി സർക്കാർ കാർഗിൽ യുദ്ധത്തിനു ശേഷം അന്വേഷണ സമിതി രൂപീകരിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ജനറൽ അനിൽ ചൗഹാൻറെ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ നരേന്ദ്ര മോദി സർക്കാരും അന്വേഷണ സമിതി രൂപീകരിക്കാൻ തയ്യാറാകുമോ എന്നും ജയറാം രമേശ് ചോദിച്ചു.



