വീട്ടിലെത്തിയപ്പോഴാണ് ഹാളിൽ കഴുത്തിലും ചുണ്ടിലും മുഖത്തും പരിക്കുകളോടെ ശ്രീലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ മംഗല്യസൂത്രം നഷ്ടപ്പെട്ടിരുന്നു.
ബെംഗ്ളൂരു: ബെംഗളൂരു ഉത്തരാഹള്ളിയിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണം മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ന്യൂ മില്ലേനിയം സ്കൂൾ റോഡിലെ വീട്ടിൽ ശ്രീമതി ശ്രീലക്ഷ്മി (65 ) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ വാടകക്ക് താമസിച്ച ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കട നടത്തുന്ന ഇവരുടെ ഭർത്താവ് ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലേക്ക് ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് ഹാളിൽ കഴുത്തിലും ചുണ്ടിലും മുഖത്തും പരിക്കുകളോടെ ശ്രീലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ മംഗല്യസൂത്രം നഷ്ടപ്പെട്ടിരുന്നു.
ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. തുടർന്ന്, ശ്രീലക്ഷ്മിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രസാദ് ശ്രീശൈൽ മക്കായി (26), ഭാര്യ സാക്ഷി ഹനുമന്ത് ഹോഡ്ലുര (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും ആഭരണങ്ങളുമായി കടന്നുകളഞ്ഞെന്നും ഇരുവരും സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കടം വീട്ടാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.


