Asianet News MalayalamAsianet News Malayalam

ത്രിപുരയില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം വന്നേക്കും, തിപ്ര മോത പാര്‍ട്ടിയെ ഒപ്പം നിര്‍ത്താൻ സിപിഎമ്മും കോണ്‍ഗ്രസും

ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും മതേതര വോട്ടുകള്‍ ഭിന്നിക്കാൻ അനുവദിക്കില്ലെന്നും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി

CPM Congress alliance may come in tripura says cpm tripura state secretary etj
Author
First Published Jan 13, 2024, 8:26 AM IST

അഗർത്തല: ലോക്സഭ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ വീണ്ടും സിപിഎം കോണ്‍ഗ്രസ് സഖ്യം വന്നേക്കും. പ്രദ്യുത് ദേബ് ബർമ്മന്‍റെ തിപ്ര മോത പാർട്ടിയേയും ഒപ്പം നിര്‍ത്താനുള്ല നീക്കമാണ് സിപിഎം നടത്തുന്നത്. ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും മതേതര വോട്ടുകള്‍ ഭിന്നിക്കാൻ അനുവദിക്കില്ലെന്നും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

മോദി തരംഗമുണ്ടായ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ത്രിപുരയിലെ ആകെയുള്ള രണ്ട് സീറ്റിലും സിപിഎം തന്നെയാണ് വിജയിച്ചത്. എന്നാല്‍ 2018 നിയമസഭ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ രാഷ്ടീയ സാഹചര്യം കീഴ്മേല്‍ മറിഞ്ഞു. 36 സീറ്റോടെ സിപിഎമ്മിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചു. തുടർന്ന് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട സീറ്റും സിപിഎമ്മിന് നഷ്ടമായി. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ത്രിപുരയില്‍ തിരിച്ച് വരവ് നടത്താനാകുമെന്നാണ് സിപിഎം പ്രതീക്ഷ. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം ധാരണയുണ്ടാകുമോയെന്നതില്‍ ഇനിയും തീർച്ചയില്ലെങ്കിലും ത്രിപുരയില്‍ സഖ്യം മുന്നില്‍കണ്ടാണ് പാര്‍ട്ടി നീക്കം നടക്കുന്നത്. 

2023 നിയമസഭ തെര‍ഞ്ഞെടുപ്പില്‍ ധാരണക്കപ്പുറം സഖ്യമായാണ് സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസ് മത്സരിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാല് തൊട്ട് അനുഗ്രഹം തേടുന്ന കോണ്‍ഗ്രസ് സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കായി വോട്ട് ചോദിക്കുന്ന സിപിഎം നേതൃത്വവുമെല്ലാം അന്നത്തെ കൗതുക കാഴ്ചയായിരുന്നു. മതേതര പാര്‍ട്ടികളെല്ലാം ഒരേ മനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ പ്രദ്യുദ് ദേബ് വർമ്മൻ നയിക്കുന്ന തിപ്രമോദയേയും ഒപ്പം ചേർക്കാൻ ശ്രമിക്കുമെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു

ഇന്ത്യ സഖ്യത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് ത്രിപുരയിലെ ബംഗാളി വോട്ടർമാരുടെ ഇടയില്‍ സ്വാധീനമുണ്ട്. എന്നാല്‍ തൃണമൂലുമായി ബംഗാളില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സിപിഎം ത്രിപുരയില്‍ എന്ത് നിലപാട് എടുക്കുമെന്നതില്‍ ആകാംഷ നിലനില്‍ക്കുകയാണ്. ഗോത്രമേഖലയിലെ ശക്തിയായ തിപ്ര മോത പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെങ്കില്‍ രണ്ടില്‍ ഒരു സീറ്റ് സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് അവർക്ക് നല്‍കേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios