ഡി കെ ശിവകുമാർ തന്റെ മണ്ഡലമായ കനകപുരയിലെ ഹോരഹള്ളി സന്ദർശിച്ച സമയത്താണ് സംഭവം.

കനകപുര: സ്വന്തം മണ്ഡലത്തിലെ വമ്പൻ സ്വീകരണത്തിനിടെ കടിച്ച ശേഷം ആപ്പിളുകൾ വലിച്ചെറിഞ്ഞ് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വീഡിയോയ്ക്ക് വലിയ വിമർശനം. ഡി കെ ശിവകുമാർ ആപ്പിളുകൾ കടിച്ച ശേഷം ജനക്കൂട്ടത്തിന് നേരെ എറിയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഡി കെ ശിവകുമാർ തന്റെ മണ്ഡലമായ കനകപുരയിലെ ഹോരഹള്ളി സന്ദർശിച്ച സമയത്താണ് സംഭവം. അവിടെയെത്തിയ അദ്ദേഹത്തിന് അനുയായികൾ വലിയ രീതിയിലുള്ള സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി പ്രദേശവാസികൾ ചേർന്ന് പുതിയ ആപ്പിളുകളും പൂക്കളും ഉപയോഗിച്ച് നിർമ്മിച്ച വലിയൊരു മാല മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ, ശിവകുമാർ തനിക്ക് ലഭിച്ച മാലയിൽ നിന്ന് ആപ്പിളുകൾ ഓരോന്നായി പറിച്ചെടുക്കുകയും അതിൽ നിന്ന് കടിക്കുകയും ചെയ്ത ശേഷം മുന്നിൽ തടിച്ചുകൂടിയിരിക്കുന്ന അനുയായികൾക്ക് നേരെ എറിഞ്ഞു കൊടുക്കുകയും ചെയ്യുന്നത് കാണാം. വായുവിലേക്ക് എറിഞ്ഞ ആപ്പിളുകൾ പിടിച്ചെടുക്കാൻ അവിടെയുണ്ടായിരുന്ന ജനങ്ങൾ വലിയ ആവേശത്തോടെയാണ് ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Scroll to load tweet…

ഈ വീഡിയോ പെട്ടെന്ന് തന്നെ വൈറലായിരുന്നു. സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഒരു പൊതുപരിപാടിക്കിടെ പകുതി കടിച്ച ആഹാരസാധനങ്ങൾ ജനങ്ങൾക്ക് നേരെ എറിയുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. ശിവകുമാർ സ്വയം ഒരു ദൈവമാണെന്ന് കരുതുന്നുണ്ടോ എന്നും, പ്രസാദം പോലെ ആപ്പിൾ കടിച്ചു നൽകാൻ ഇത് എന്ത് തരം യുക്തിയാണെന്നും സോഷ്യൽ മീഡിയയിൽ ചിലർ ചോദിച്ചു. പ്രതിപക്ഷമായ ബി.ജെ.പി ഈ സംഭവത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഡി കെ ശിവകുമാറിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.എന്നാൽ ഇത് ജനങ്ങളോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായി ചെയ്തതാണെന്ന് പറഞ്ഞ് അദ്ദേഹത്തെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. തങ്ങളെ വിമർശിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ജോലിയാണെന്ന് പറഞ്ഞ് ശിവകുമാർ ഈ വിവാദങ്ങളെ തള്ളിക്കളഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം