വെറും 67 രൂപയുടെ ടിക്കറ്റ് വിതരണ തർക്കത്തിൽ കണ്ടക്ടർക്കെതിരെ 32 വർഷം നിയമപോരാട്ടം നടത്തിയ ദില്ലി ട്രാൻസ്പോർട് കോർപറേഷന് (ഡിടിസി) ദില്ലി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. നിസ്സാര വിഷയത്തിൽ പൊതുപണം ദുരുപയോഗം ചെയ്തതിനാണ് നടപടി. കണ്ടക്ടർക്ക് അനുകൂലമായ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിധി കോടതി ശരിവെക്കുകയും ചെയ്തു.
ദില്ലി: വെറും 67 രൂപയുടെ ടിക്കറ്റ് വിതരണ തർക്കത്തിൽ 17 മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ടതിലും കണ്ടക്‌ടർക്കെതിരെ 32 വർഷത്തെ നിയമപോരാട്ടം നടത്തിയ ദില്ലി ട്രാൻസ്പോർട് കോർപറേഷന് കനത്ത തിരിച്ചടി. ഇത്തരം നിസാര വിഷയത്തിൽ പൊതുപണം വൻതോതിൽ ദുരുപയോഗം ചെയ്ത് നിയമനടപടികൾ നീട്ടിക്കൊണ്ടുപോയതിന് ട്രാൻസ്പോർട് കോർപറേഷന് ദില്ലി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. നിസ്സാര തർക്കത്തിന്റെ പേരിൽ കേസ് നീട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.
1994 നവംബറിലാണ് സംഭവങ്ങളുടെ തുടക്കം. ബസിലെ മൂന്ന് യാത്രക്കാരിൽ നിന്ന് 67 രൂപ ഈടാക്കിയെങ്കിലും ടിക്കറ്റ് നൽകിയില്ലെന്നായിരുന്നു കണ്ടക്ടർക്കെതിരായ ആരോപണം. ഇതിനെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടക്ടർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയെങ്കിലും ഡിടിസി അധികൃതർ ഇത് അംഗീകരിച്ചില്ല. തുടർന്ന് 1996 ആഗസ്റ്റിൽ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കണ്ടക്ടർ സമർപ്പിച്ച അപ്പീലിൽ 1998-ൽ ഡിടിസി ചെയർമാൻ ഇയാളെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു. എന്നാൽ, ശമ്പള സ്കെയിൽ വെട്ടിക്കുറച്ച് ജോലിയിൽ നിന്ന് മാറിനിന്ന കാലയളവിലെ കുടിശ്ശിക നിഷേധിച്ചു. തുടർന്ന് കണ്ടക്ടർ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിനെ സമീപിച്ചു. 2004-ൽ ട്രൈബ്യൂണൽ ശിക്ഷാനടപടി നിയമവിരുദ്ധമാണെന്ന് വിധിക്കുകയും കണ്ടക്ടർക്ക് മുൻകാല പ്രാബല്യത്തോടെയുള്ള മുഴുവൻ വേതനത്തിനും ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് ഉത്തരവിടുകയും ചെയ്തു.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ 2005-ൽ ഡിടിസി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം ജസ്റ്റിസ് അമിത് മഹാജൻ കേസ് തള്ളി. ട്രൈബ്യൂണലിന്റെ വിധി ശരിവെച്ചു. 17 മാസത്തെ വേതനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ 32 വർഷത്തോളം കേസ് നടത്തിയത് നിയമസംവിധാനത്തോടുള്ള അനാദരവും പൊതുപണം പാഴാക്കിയതാണെന്നും കോടതി വിമർശിച്ചു. കോടതി ചുമത്തിയ 1 ലക്ഷം രൂപ പിഴയിൽ 25,000 രൂപ വീതം കണ്ടക്ടർക്കും ദില്ലി ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിക്കും നൽകണം. ബാക്കി 50,000 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അടയ്‌ക്കേണ്ടത്.


