ചൊവ്വാഴ്ച രാവിലെയാണ് മുതല ജനവാസ മേഖലയിൽ എത്തിയത്. വനംവകുപ്പ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മുതലയെ നാട്ടുകാർ ഗംഗാ നദിയിൽ തുറന്ന് വിട്ടിരുന്നു
ബിജിനോർ: രാവിലെ വീടിന് മുന്നിലെ പൊതുവഴിയിലെത്തിയത് വമ്പൻ മുതല. കുട്ടികളുമായി റോഡിലേക്കെത്തിയ സ്ത്രീകളും നാട്ടുകാരും ചിതറിയോടി. ഉത്തർ പ്രദേശിലെ ബിജിനോറിലെ മണ്ഡാവാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൗഹാദ്വാല ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് മുതല ഭീതി പടർത്തി വിലസിയത്. നാട്ടുകാർ പൊലീസിലും വനംവകുപ്പിലും വിവരമറിയിച്ചപ്പോഴേയ്ക്കും മുതല ഗ്രാമത്തെ ഭീതിയിൽ മുക്കിയിരുന്നു. ഉദ്യോഗസ്ഥരെ കാത്തിരുന്ന നാട്ടുകാർ തന്നെ മുതലയെ ഇതിനിടെ വടികൾ ഉപയോഗിച്ച് ഒരു കിടങ്ങ് പോലെയുള്ള സ്ഥലത്തേക്ക് എത്തിച്ച് പിടികൂടുകയായിരുന്നു.
പിന്നാലെ സാഹസികമായി കയറുകൾ കൊണ്ട് ബന്ധിച്ച ശേഷം മുതലയെ നാട്ടുകാർ ഗംഗാ നദിയിലേക്ക് തുറന്ന് വിടുകയായിരുന്നു. വനംവകുപ്പ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മുതലയെ നാട്ടുകാർ ഗംഗാ നദിയിൽ തുറന്ന് വിട്ടിരുന്നു. മൺസൂൺ സമയത്ത് നദിയിൽ ജലനിരപ്പ് ഉയരുന്നതാണ് മുതല ജനവാസ മേഖലയിലേക്ക് എത്തുന്നതിന് കാരണമായി വനംവകുപ്പ് വിശദമാക്കുന്നത്. തുടർന്നും നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും സമാന സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും വനംവകുപ്പ് വിശദമാക്കിയിട്ടുള്ളത്.
മുതലയെ നാട്ടുകാർ തന്നെ നദിയിൽ തുറന്ന് വിട്ടതായി ബിജിനോർ റേഞ്ച മഹേഷ് ഗൗതം പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കി. വന്യമൃഗങ്ങളെ പിടികൂടുകയാണെങ്കിൽ അവയെ വനം വകുപ്പിന് കൈമാറണമെന്നും മഹേഷ് ഗൗതം കൂട്ടിച്ചേർത്തു. ആക്രമണകാരികളായ വന്യമൃഗങ്ങളെ ഇത്തരത്തിൽ മുൻകുതലുകൾ ഇല്ലാതെ കൈകാര്യം ചെയ്യരുതെന്നും മഹേഷ് ഗൗതം വിശദമാക്കി. പിടികൂടുന്ന മൃഗങ്ങളെ ജനവാസ മേഖലയിലേക്ക് തിരികെ എത്താൻ സാധ്യതയില്ലാത്ത ഭാഗത്താണ് വനംവകുപ്പ് തുറന്ന് വിടാറുള്ളതെന്നാണ് മഹേഷ് ഗൗതം വിശദമാക്കുന്നത്.


