മുൻ കാമുകനായ ഐടി പ്രൊഫഷണലിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് സ്വകാര്യ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. ഭീഷണിപ്പെടുത്തൽ, ബ്ലാക്ക് മെയിൽ, സ്വകാര്യ വിവരങ്ങൾ ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുംബൈ: മുൻ കാമുകനായ ഐടി പ്രൊഫഷണലിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് സ്വകാര്യ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. ഭീഷണിപ്പെടുത്തുക, ബ്ലാക്ക് മെയിൽ ചെയ്യുക, മുൻ പങ്കാളിയുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും അനധികൃതമായി കൈവശപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡോളി കോട്ടക് എന്ന് യുവതിയെ ചാർകോപ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഒരു കേസിൽ പ്രതിയായി ജയിലിലായ ഐടി പ്രൊഫഷണലിന് ജാമ്യം ലഭിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഡോളി കോടതിയിൽ വെച്ച് ഇദ്ദേഹത്തിന്‍റെ സഹോദരിയെ സമീപിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടു. പണം നൽകിയാൽ മുൻ പങ്കാളിക്കെതിരെ പീഡനക്കേസ് നല്‍കില്ലെന്നും ഒരു നോ ഒബ്ജക്ഷൻ സ്റ്റേറ്റ്മെന്‍റ് നൽകാമെന്നും അല്ലാത്തപക്ഷം മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്തി. പിന്നീട് യുവതി ഭീഷണിപ്പെടുത്തിയ പോലെ കാര്യങ്ങളും ചെയ്തു.
കുടുംബം ഈ ആവശ്യങ്ങൾ നിരസിച്ചെങ്കിലും ഡോളി ഫോൺ വിളിച്ചും സന്ദേശങ്ങളയച്ചും ശല്യം തുടർന്നു. കൂടാതെ, ഇരയുടെ അഭിഭാഷകന്‍റെ ഓഫീസിൽ ചെന്ന് മുഴുവൻ തുകയും ആവശ്യപ്പെട്ടു. പിന്നീട് കേസ് കൂടുതൽ ഗൗരവകരമായ തലത്തിലേക്ക് നീങ്ങി. ഡോളിക്ക് മറ്റ് മൂന്ന് സ്വകാര്യ ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തി. എച്ച്ഡിഎഫ്സി ബാങ്കിലെ ഹർഷ് ശ്രീവാസ്തവ, അനന്ത് റൂയ്യ, ഐസിഐസിഐ ബാങ്കിലെ ജയേഷ് ഗെയ്‌ക്‌വാഡ് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. ഇവരുടെ സഹായത്തോടെ ഇവർ ഇരയുടെ ഡിജിറ്റൽ ഡാറ്റ അനധികൃതമായി ചോർത്തിയതായും ആരോപണമുണ്ട്.
ഇരയുടെ ഇമെയിലുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കുക, ലൊക്കേഷൻ ട്രാക്ക് ചെയ്യുക, സ്വകാര്യ ഫോട്ടോകൾ എടുക്കുക, ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ ആക്സസ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഡോളി ചെയ്തത്. 2024 മെയ് മാസത്തിൽ, 'നിങ്ങൾ ഒരിക്കലും വിജയിക്കില്ല, വേദനയോടെ മരിക്കും. പണം തരൂ, അല്ലെങ്കിൽ ജയിലിൽ കിടന്നു മരിക്കും' എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ ഡോളി അയച്ചിരുന്നു. ദിവസങ്ങൾക്കകം ഇരയെക്കുറിച്ച് അപകീർത്തികരമായ ഇമെയിലുകൾ അദ്ദേഹത്തിന്‍റെ കമ്പനിയിലെ എച്ച്ആർ വിഭാഗത്തിന് അയക്കുകയും, ഇതേത്തുടർന്ന് ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയും ചെയ്തു.
നിരന്തരമായ പരാതികൾക്ക് പൊലീസ് മറുപടി നൽകാതെ വന്നപ്പോൾ, ഇര ബോറിവാലി മജിസ്‌ട്രേറ്റിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 175(3) പ്രകാരം എഫ്ഐആർ ഫയൽ ചെയ്യാൻ കോടതി ചാർകോപ്പ് പൊലീസിനോട് ഉത്തരവിട്ടു. കേസിൽ ഡോളി കോട്ടക്ക്, സഹോദരൻ സാഗർ കോട്ടക്ക്, സുഹൃത്ത് പ്രമീള വാസ്, മൂന്ന് ബാങ്ക് ജീവനക്കാർ എന്നിവരടക്കം ആറ് പേരെ പ്രതിചേർത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, ബിഎൻഎസ്എസ് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരനും പ്രതിയും തമ്മിൽ മുൻപ് ബന്ധമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.


