ബംഗാൾ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറിയതായും അതിശക്തമായ ചുഴക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മഴ കനത്തതോടെ വിവിധ ജില്ലകളിൽ ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് മഴ കനക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം ബംഗാൾ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറിയതായും അതിശക്തമായ ചുഴക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് ശക്തമായ ചുഴലിക്കാറ്റായും അതി ശക്തമായ ചുഴലിക്കാറ്റായും മാറി ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ വിശാഖ പട്ടണത്തിനും ബാപട്ലക്കും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കരതൊടാൻ സാധ്യത.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നഗരത്തിലടക്കം കനത്ത മഴ തുടരുകയാണ്. ശക്തമായ മഴക്ക് പിന്നാലെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. നാളെ പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി. വയനാട് ജില്ലയിൽ വിനോദ സഞ്ചാരം പൂർണമായും നിരോധിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.







