ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ കുറിച്ചായിരുന്നു തരൂരിന്റെ ലേഖനം. എനിക്കെന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ എന്നായിരുന്നു ഗാന്ധി കുടുംബത്തെ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് പൂനാവാലയുടെ പ്രതികരണം

ദില്ലി : ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമർശിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ലേഖനമെഴുതിയതിന് പിന്നാലെ പ്രശംസയും ഒപ്പം മുന്നറിയിപ്പുമായി ബിജെപി നേതാവ്. മുൻ കോൺഗ്രസ് നേതാവും നിലവിൽ ബിജെപി വക്താവുമായ ഷെഹ്‌സാദ് പൂനാവാലയാണ് തരൂരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തരൂർ അപകടത്തെ ഭയക്കാതെ കളിക്കുന്നയാൾ ആയി മാറിയെന്ന് പൂനാവാല പ്രശംസിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ കുറിച്ചായിരുന്നു തരൂരിന്റെ ലേഖനം. എനിക്കെന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ എന്നായിരുന്നു ഗാന്ധി കുടുംബത്തെ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് പൂനാവാലയുടെ പ്രതികരണം. ആ കുടുംബം വളരെ പ്രതികാരബുദ്ധിയുള്ളവരാണ് എന്നും തരൂരിനായി പ്രാർത്ഥിക്കുന്നുവെന്നും പൂനാവാല കൂട്ടിച്ചേർത്തു.

തരൂർ 'പ്രൊജക്റ്റ് സിൻഡിക്കേറ്റ്' എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ 'ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സ്' (Indian Politics Are a Family Business) എന്ന ലേഖനമാണ് ചർച്ചകൾക്ക് ആധാരം. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ കുടുംബ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടികളെ കുറിച്ചാണ് ലേഖനം സംസാരിക്കുന്നത്.

ലേഖനത്തിലെ പ്രസക്തമായ ഭാഗം...

കുടുംബാധിപത്യ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ്. രാഷ്ട്രീയ അധികാരം കഴിവ്, പ്രതിബദ്ധത, അല്ലെങ്കിൽ താഴേക്കിടയിലെ ജനങ്ങളുമായുള്ള ബന്ധം എന്നിവയെ അടിസ്ഥാനമാക്കാതെ കുടുംബത്തിന്റെ പേരിൽ നിർണ്ണയിക്കപ്പെടുമ്പോൾ, ഭരണത്തിൻ്റെ നിലവാരം മോശമാകുന്നു. ചെറിയൊരു കൂട്ടം കഴിവുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കുന്നത് ഒരിക്കലും പ്രയോജനകരമല്ല, എന്നാൽ സ്ഥാനാർത്ഥികളുടെ പ്രധാന യോഗ്യത അവരുടെ കുടുംബപ്പേരാകുമ്പോൾ അത് പ്രശ്‌നകരമാണ്. രാഷ്ട്രീയ കുടുംബങ്ങളിലെ ആളുകൾ സാധാരണക്കാർ നേരിടുന്ന വെല്ലുവിളികൾ അനുഭവിക്കാത്തവരായതിനാൽ പലപ്പോഴും അവർ അവരുടെ വോട്ടർമാരുടെ ആവശ്യങ്ങളെ മനസിലാക്കാനോ ഫലപ്രദമായി പ്രതികരിക്കാൻ കഴിവില്ലാത്തവരായിരിക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.