ഇന്ത്യൻ ഓട്ടോറിക്ഷ ഡ്രൈവർ അനായാസം ഫ്രഞ്ച് സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യുഎസ് കണ്ടന്റ് ക്രിയേറ്ററായ ജയ് പങ്കുവെച്ച വീഡിയോയിൽ, യാത്രക്കാരനോട് ഫ്രഞ്ചിൽ സംസാരിക്കുന്ന ഡ്രൈവറെ കണ്ട് അദ്ദേഹം അത്ഭുതപ്പെടുന്നതാണ് ദൃശ്യം.  

ദില്ലി: ഇന്ത്യക്കാരനായ ഓട്ടോറിക്ഷ ഡ്രൈവർ വളരെ അനായാസം ഫ്രഞ്ച് ഭാഷ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കണ്ടന്റ് ക്രിയേറ്ററായ ജയ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 1.4 ദശലക്ഷം ആളുകളാണ് കണ്ടുകഴിഞ്ഞത്. സാധാരണ യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്. "താങ്കൾക്ക് എത്ര ഭാഷകൾ സംസാരിക്കാൻ അറിയാം?" എന്ന് ഓട്ടോ ഡ്രൈവർ ചോദിച്ചു. "എനിക്ക് ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കാൻ അറിയാം" എന്ന് ജയ് മറുപടി നൽകി.

ഉടൻതന്നെ ഡ്രൈവർ ഫ്രഞ്ച് ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായ സംസാരം കേട്ട് ജയ് ആദ്യം അമ്പരന്നു. പിന്നീട്, ഡ്രൈവർ ചോദ്യം ലളിതമായ ഫ്രഞ്ചിൽ സംസാരം തുടര്‍ന്നപ്പോൾ, കാര്യം മനസ്സിലായ ജയ് ചിരിയടക്കാനാവാതെ അത്ഭുതപ്പെട്ടു. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

'ഈ രാജ്യത്ത് എത്രമാത്രം പ്രതിഭകളുണ്ട്, സഹോദരാ ഇന്ത്യയിലേക്ക് സ്വാഗതം," എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, "അദ്ദേഹത്തിന്റെ തലച്ചോര്‍ ഭാഷ ഡൗൺലോഡ് ചെയ്യാൻ അഞ്ച് സെക്കൻഡുകൾ മാത്രമാണ് എടുത്തത്" എന്ന് മറ്റൊരാൾ രസകരമായി കുറിച്ചു. ഭക്ഷണം, തെരുവുകളിലെ സാധാരണ കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വീഡിയോകൾ പങ്കുവെക്കുന്നയാളാണ് ജയ്. എന്നാൽ, കൃത്രിമമായ തയ്യാറെടുപ്പുകളോ തിരക്കഥയോ ഇല്ലാത്ത ഈ വീഡിയോ അതിന്റെ ലാളിത്യം കൊണ്ട് അദ്ദേഹത്തിന്റെ ഏറ്റവും പ്രചാരമുള്ള വീഡിയോകളിൽ ഒന്നായി മാറിയിരിക്കുകയാണ്.

View post on Instagram