കർണാടകയിൽ സിദ്ദരാമയ്യയുടെ മണ്ഡലമായ വരുണയിൽ, പഞ്ചായത്ത് സെക്രട്ടറി ദിവ്യ സ്ഥലംമാറ്റം ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ഓഫീസിൽ വെച്ച് 15 ഗുളികകൾ കഴിച്ച് ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരു: പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. കർണാടകയിൽ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മണ്ഡലമായ വരുണയിലെ വരുണ പഞ്ചായത്തിലെ സെക്രട്ടറി ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാരസെറ്റോമോൾ ഗുളികയടക്കം 15 ഗുളികകൾ ഒരുമിച്ച് വിഴുങ്ങിയ ദിവ്യ ഓഫീസിൽ ബോധരഹിതയായി വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സ്ഥലംമാറ്റം ഭയന്നാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് വിവരം. വരുണ പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്യുകയായിരുന്നു ഗ്രേഡ് വൺ പഞ്ചായത്ത് സെക്രട്ടറിയായ ദിവ്യ. മറ്റൊരു ഗ്രാമപഞ്ചായത്തിലെ ഗ്രേഡ് വൺ സെക്രട്ടറി വരുണ പഞ്ചായത്തിലേക്ക് സ്ഥലംമാറ്റം അപേക്ഷിച്ചിരുന്നു. ദിവ്യയെ സ്ഥലംമാറ്റാനായി ഇയാൾ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ നേരിൽ കണ്ട് സമ്മർദം ചെലുത്തിയതായി ആരോപണമുണ്ട്.
ദിവ്യ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് ആറ് മാസം മുൻപ് ലഭിച്ച പരാതി അന്വേഷിക്കാൻ കഴിഞ്ഞ ദിവസം എക്സിക്യുട്ടീവ് ഓഫീസറായ ഉദ്യോഗസ്ഥൻ പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നു. പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ പരാതിയിൽ അന്വേഷണം നടത്തി. പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ദിവ്യക്കൊപ്പം നിന്നു. ആറ് മാസം മുൻപത്തെ പരാതി ഇപ്പോൾ അന്വേഷിക്കാനുള്ള കാരണവും ഇവർ തേടിയിരുന്നു.
ഇതേ ദിവസമാണ് ഓഫീസിനുള്ളിൽ ദിവ്യ കുഴഞ്ഞുവീണത്. ഉടൻ സഹപ്രവർത്തകർ ചേർന്ന് ഇവരെ മൈസുരുവിലെ കാവേരി ആശുപത്രിയിൽ എത്തിച്ചു. വരുണ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. എങ്കിലും ദിവ്യ ഇതുവരെ പരാതിയോ മൊഴിയോ പൊലീസിന് നൽകിയിട്ടില്ല. ഇവരുടെ ആരോഗ്യനിര തൃപ്തികരമെന്നാണ് വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)


