യാത്രക്കാരുള്ള രാജഹംസ ബസിന്റെ സ്റ്റിയറിംഗ് വീലിൽ നിന്ന് നിലത്തേക്ക് വീഴുന്നതിനിടയിൽ സുരക്ഷിതമായി റോഡരികിലേക്ക് നിർത്തിയിടാൻ 56കാരൻ ശ്രദ്ധിച്ചു

നെലമംഗല: യാത്രക്കാരുമായി പോകുന്നതിനിടെ അസഹ്യമായ നെഞ്ചുവേദന. മരണത്തിന് കീഴടങ്ങും മുൻപ് യാത്രക്കാരെ സുരക്ഷിതരാക്കി 56കാരനായ കെഎസ്ആർടിസി ഡ്രൈവർ. കർണാടക സർക്കാരിന്റെ ട്രാൻസ്പോർട്ട കോർപ്പറേഷന്റെ രാജഹംസ ബസാണ് ഡ്രൈവറായ രാജീവ് ബീരശാല ചക്കണ്ണിയുടെ മനസാന്നിധ്യം മൂലം വൻ അപകടത്തിൽ നിന്ന് ഒഴിവായത്. ബെംഗളൂരു ഹരിഹര റോഡിൽ ചൊവ്വാഴ്ചയാണ് സംഭവം. ദേശീയ പാത നാലിൽ നെലമംഗല ടോൾ ഗേറ്റിന് സമീപത്ത് വച്ചാണ് രാജീവ് ബീരശാല ചക്കണ്ണിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നത്. യാത്രക്കാരുള്ള രാജഹംസ ബസിന്റെ സ്റ്റിയറിംഗ് വീലിൽ നിന്ന് നിലത്തേക്ക് വീഴുന്നതിനിടയിൽ സുരക്ഷിതമായി റോഡരികിലേക്ക് നിർത്തിയിടാൻ 56കാരൻ ശ്രദ്ധിച്ചു. ഉടൻ തന്നെ ആംബുലൻസ് എത്തിച്ച് 56കാരനെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ബെംഗളൂരു- ദാവൻഗരെ റൂട്ടി സർവ്വീസ് നടത്തുകയായിരുന്ന ബസിലെ ഡ്രൈവറായിരുന്നു 56കാരൻ. സംഭവത്തിന് പിന്നാലെ യാത്രക്കാർക്ക് മറ്റ് ബസുകളിൽ കെഎസ്ആർടിസി യാത്രാ സൌകര്യമൊരുക്കി നൽകുകയായിരുന്നു. 2005 ഫെബ്രുവരിയിൽ ജോലിയിൽ കയറിയ 56കാരൻ രണ്ട് പതിറ്റാണ്ടിലേറെയാണ് കർണാടക സർക്കാരിന്റെ ട്രാൻസ്പോർട്ട് കോർപ്പറേഷന് വേണ്ടി ജോലി ചെയ്തത്.

ഹൃദയ പരിശോധനകൾ

2023 ൽ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർക്ക് സമഗ്രമായ ഹൃദയ പരിശോധനകൾ നൽകുന്നതിനായി ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ചുമായി ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. 34,000 ജീവനക്കാരാണ് നിലവിൽ കെഎസ്ആർടിസിയിലുള്ളത്. ഇതിൽ 24,686 പേർ ഡ്രൈവർമാരും കണ്ടക്ടർമാരുമാണ്. ഒരുജീവനക്കാരന് പത്ത് തരത്തിലുള്ള ഹൃദയ രോഗ സംബന്ധിയായ പരിശോധനകളുടെ ചെലവ് കോപ്പറേഷനാണ് വഹിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം