2024-ലാണ് ഹർഷിത് വിവാഹിതനായത്. എന്നാൽ, ദാമ്പത്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ ആറുമാസമായി ഹർഷിതും ഭാര്യയും രണ്ടിടത്തായിരുന്നു താമസം. ​ഗ്രേറ്റർ നോയിഡയിലെ ഫ്ളാറ്റിലാണ് ഹർഷിത് ഒറ്റയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം പിരിഞ്ഞുതാമസിക്കുന്ന ഭാര്യ ഹർഷിതിനെ കാണാൻ ഫ്ളാറ്റിലെത്തി.

ന്യൂഡൽഹി: ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ രക്ഷപ്പെടുന്നതിനിടെ 21-ാംനിലയിലെ ഫ്ളാറ്റിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ​ഗ്രേറ്റർ നോയിഡയിലെ സെഞ്ചൂറിയൻ പാർക്ക് ട്രോപിക്കൽ ​ഗാർഡൻ സൊസൈറ്റിയിൽ താമസിക്കുന്ന ഹർഷിത് ലവാനിയ(31) ആണ് ഫ്ളാറ്റിലെ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചത്.

2024-ലാണ് ഹർഷിത് വിവാഹിതനായത്. എന്നാൽ, ദാമ്പത്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ ആറുമാസമായി ഹർഷിതും ഭാര്യയും രണ്ടിടത്തായിരുന്നു താമസം. ​ഗ്രേറ്റർ നോയിഡയിലെ ഫ്ളാറ്റിലാണ് ഹർഷിത് ഒറ്റയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം പിരിഞ്ഞുതാമസിക്കുന്ന ഭാര്യ ഹർഷിതിനെ കാണാൻ ഫ്ളാറ്റിലെത്തി. ഭാര്യ ഏറെനേരം വാതിലിൽ മുട്ടിവിളിച്ചിട്ടും ഹർഷിത് വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. ഭാര്യയുമായി ഇനിയും വഴക്കുണ്ടാക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് യുവാവ് വാതിൽ തുറക്കാൻ വിസമ്മതിച്ചത്. എന്നാൽ, വാതിൽ തുറക്കാനും പുറത്തുവരാനും സംസാരിക്കാനും ഭാര്യ നിർബന്ധിച്ചു. പക്ഷേ, ഹർഷിത് വഴങ്ങിയില്ല. ഇതോടെ ഭാര്യ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. ഈ സമയത്താണ് ഫ്ളാറ്റിലെ ബാൽക്കണി വഴി തൊട്ടുതാഴത്തെ നിലയിലേക്ക് രക്ഷപ്പെടാൻ ഹർഷിത് ശ്രമിച്ചത്. എന്നാൽ, ഇതിനിടെ യുവാവ് കാൽതെന്നി താഴേക്ക് വീഴുകയായിരുന്നു. ​ഗുരുതരപരിക്കേറ്റ യുവാവിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യയുമായുള്ള പ്രശ്നങ്ങൾ കാരണം ഹർഷിത് ഏറെനാളായി കടുത്ത മാനസികസമ്മർദം നേരിട്ടിരുന്നതായി കുടുംബം പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യയിൽനിന്ന് മൊഴിയെടുക്കുമെന്നും അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.