സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ അടിയന്തരാവസ്ഥാ കാലഘട്ടം ആദ്യമായി എൻസിഇആർടി ഒൻപതാം ക്ലാസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ, ജനാധിപത്യം നേരിട്ട വെല്ലുവിളികൾ, പൗരാവകാശ ലംഘനങ്ങൾ, ജനകീയ പ്രക്ഷോഭങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു. 2026-27 അധ്യയന വർഷം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.
ദില്ലി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ അധ്യായങ്ങളിലൊന്നായ 1975-77 കാലഘട്ടത്തിലെ 'അടിയന്തരാവസ്ഥ' ചരിത്രത്തിലാദ്യമായി എൻസിഇആർടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കി പരിഷ്കരിച്ച ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. മുൻപ് പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രം പഠിക്കാനുണ്ടായിരുന്ന ഈ വിഷയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 51 വർഷങ്ങൾ പിന്നിടുമ്പോഴാണ് ആദ്യമായി ഹൈസ്‌കൂൾ ക്ലാസുകളിലേക്ക് കൊണ്ടുവരുന്നത്. 'അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് പാർട്ട് 1' എന്ന പുതിയ പുസ്തകത്തിലെ ആറാം അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് പുസ്തകം ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. 1970-കളുടെ തുടക്കത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അതൃപ്തി വർദ്ധിച്ചതായും, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നിവ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായതായും പുസ്തകം ചൂണ്ടിക്കാണിക്കുന്നു. 'ആഭ്യന്തര അസ്വസ്ഥതകൾ' ചൂണ്ടിക്കാട്ടി 1975 ജൂണിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ഈ കാലയളവിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെടുകയും പത്രമാധ്യമങ്ങൾക്ക് കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തതായി പാഠഭാഗം വ്യക്തമാക്കുന്നു. രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും കൂട്ടത്തോടെ തടവിലാക്കപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്തു. അടിയന്തരാവസ്ഥയ്‌ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ നയിക്കുന്നതിൽ ജയപ്രകാശ് നാരായൺ വഹിച്ച പങ്കിനെക്കുറിച്ചും പുസ്തകത്തിൽ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്.
വ്യാജ വാർത്തകൾ, പൊതുമുതൽ നശിപ്പിക്കൽ, ദാരിദ്ര്യം, ലിംഗവിവേചനം തുടങ്ങിയ സമകാലിക വെല്ലുവിളികൾ ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥയും ഉൾപ്പെടുത്തിയിരിക്കുന്നത്. 2026-27 അധ്യായന വർഷം മുതൽ ഈ പുതിയ പുസ്തകങ്ങൾ സ്‌കൂളുകളിൽ ലഭ്യമാകും. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം, നാസിസം തുടങ്ങിയ മുൻപുണ്ടായിരുന്ന ചില ആഗോള ചരിത്ര വിഷയങ്ങൾ ഒൻപതാം ക്ലാസിൽ നിന്ന് പത്താം ക്ലാസിലെ പാഠഭാഗത്തിലേക്ക് മാറ്റിയതായും എൻസിഇആർടി വൃത്തങ്ങൾ അറിയിച്ചു.


