ബാലാകോട്ടിൽ നടത്തിയ പ്രത്യാക്രമണം പാകിസ്ഥാനെതിരെയുള്ള സൈനികനീക്കമല്ലെന്ന് നിർ‍മലാ സീതാരാമൻ ആവർത്തിച്ചു. പാകിസ്ഥാനിലെ ഭീകരക്യാംപുകൾക്കെതിരായ നടപടിയായിരുന്നു ഇത്. 

ദില്ലി: ബാലാകോട്ട് പ്രത്യാക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിന്‍റെ കണക്ക് കേന്ദ്രസർക്കാരിന്‍റെ പക്കലില്ലെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യൻ നിലപാട്. പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദിന്‍റെ ഭീകര പരിശീലന ക്യാംപിന് നേരെ ഇന്ത്യ തിരിച്ചടിക്കുകയാണ് ചെയ്കത്. ഇത് പാകിസ്ഥാനെതിരെയുള്ള സൈനിക നടപടിയല്ലെന്നും മുൻ കരുതലെന്ന നിലയിൽ ഇന്ത്യ സ്വീകരിച്ച നടപടി മാത്രമാണെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

Scroll to load tweet…

നേരത്തേ അഹമ്മദാബാദിൽ നടന്ന ഒരു പാർട്ടി പരിപാടിയിൽ ബാലാകോട്ടിൽ 250 ഭീകരരെ ഇന്ത്യ വധിച്ചുവെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറ‍ഞ്ഞത് വിവാദമായിരുന്നു. 

അന്ന് തന്നെ വ്യോമസേനാ മേധാവി ബി എസ് ധനോവ നടത്തിയ വാർത്താ സമ്മേളനത്തിലാകട്ടെ, എത്ര പേർ മരിച്ചെന്ന കണക്കെടുക്കുന്നത് കേന്ദ്രസർക്കാരാണ്, വ്യോമസേനയല്ല എന്നാണ് വിശദീകരിച്ചത്. 'എത്ര പേർ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകും.' ബി എസ് ധനോവ പറഞ്ഞു.

Read More: ബാലാകോട്ടിൽ എത്ര പേർ മരിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യോമസേനാ മേധാവി

പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്. ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത്. 

നേരത്തേ, ബാലാകോട്ട് ആക്രമണത്തെയും പുൽവാമ ഭീകരാക്രമണത്തെയും രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകർക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം. കേന്ദ്രമന്ത്രി എസ് എച്ച് അലുവാലിയയാകട്ടെ മാധ്യമപ്രവർത്തകരോട് ചോദിച്ചത് ബാലാകോട്ടിൽ 300 തീവ്രവാദികൾ മരിച്ചെന്ന് നരേന്ദ്രമോദി നിങ്ങളോട് പറഞ്ഞോ, എന്നാണ്. ഭീകരതയ്ക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു ഉദ്ദേശമെന്നും യഥാർഥത്തിൽ മരണം എത്രയെന്ന് അന്വേഷിക്കുകയാണെന്നുമാണ് അലുവാലിയ പറഞ്ഞത്.

Read More:'ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 250 ഭീകരർ': ആദ്യപ്രതികരണവുമായി അമിത് ഷാ

അഹമ്മദാബാദിൽ നടന്ന 'ലക്ഷ്യ ജീതോ' എന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയെന്ന് അമിത് ഷാ പറഞ്ഞത്. ''ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ കയറി മിന്നലാക്രമണം നടത്തി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ എന്താണുണ്ടായത്? പാകിസ്ഥാനിൽ കയറി ഇന്ത്യൻ വ്യോമസേന ബാലാകോട്ടിൽ 250 ഭീകരരെ വധിച്ചു. ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചു വരികയും ചെയ്തു'', അമിത് ഷാ പറഞ്ഞു.

എന്നാൽ അമിത് ഷായെ ന്യായീകരിച്ച് കേന്ദ്ര പ്രതിരോധസഹമന്ത്രി വി കെ സിംഗ് രംഗത്തെത്തിയിരുന്നു. ഏകദേശകണക്കാണ് ഷാ പറഞ്ഞതെന്നും ഭീകരാക്രമണത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് കിട്ടില്ലെന്നുമായിരുന്നു വി കെ സിംഗിന്‍റെ ന്യായീകരണം. 

ആക്രമണം നടത്തിയ പ്രദേശത്തുണ്ടായിരുന്ന കെട്ടിടങ്ങളിലുണ്ടായിരുന്ന ഭീകരരുടെ എണ്ണം വെച്ചാണ് എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഏകദേശ കണക്കെടുത്തത്. സ്ഥിരീകരിച്ച കണക്കല്ല അദ്ദേഹം പറഞ്ഞത്. അത്രയും പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് പറഞ്ഞതെന്നും വി കെ സിംഗ് പറഞ്ഞു.

Read More: കൃത്യമായ കണക്കില്ല, അമിത് ഷാ പറഞ്ഞ '250' ഏകദേശ കണക്ക്; പിന്തുണച്ച് വി കെ സിംഗ്