എയർ ഇന്ത്യ വിമാനത്തിൽ എസി പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ മണിക്കൂറുകളോളം വിയർത്തു. മൂന്ന് മണിക്കൂർ നീണ്ട ദുരിതത്തിന് ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി.
ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ മണിക്കൂറുകൾ എസി ഇല്ലാതെ ഇരുത്തിയെന്ന പരാതിയുമായി യാത്രക്കാർ. ഡൽഹി വിമാനത്താവളത്തിൽ നിന്ന് പട്നയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. യാത്രക്കാരിൽ ഒരാളായ രാഷ്ട്രീയ ജനതാദൾ നേതാവ് (ആർജെഡി) റിഷി മിശ്ര സ്ഥിതിഗതികൾ വിശദീകരിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തു.
"ഇത് പട്നയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ്. ഇന്ന് മെയ് 18. സമയം വൈകുന്നേരം 4 മണി. എയർ കണ്ടീഷനിംഗ് ഇല്ലാതെ മണിക്കൂറുകൾ ഞങ്ങൾ വിമാനത്തിനുള്ളിൽ ഇരിക്കുകയാണ്. ഞങ്ങൾ എത്രമാത്രം വിയർക്കുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. കുട്ടികൾ അവശരായി. പക്ഷേ ഇക്കാര്യം അധികൃതർ പരിശോധിക്കുന്നില്ല"- റിഷി മിശ്ര എംഎൽഎ പറഞ്ഞു.
ഞായറാഴ്ച പകൽ ദില്ലിയിലെ താപനില 41.1 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സീസണിലെ ശരാശരിയേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറഞ്ഞിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാർ മറ്റു വഴിയില്ലാതെ പേപ്പറുകൾ ഫാൻ ആക്കി മാറ്റി.
എംഎൽഎയുടെ ബന്ധുവും സർജനുമായ ഡോ. ബിപിൻ ഝാ എക്സിലൂടെ ഇക്കാര്യം എയർ ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തി- "ഡൽഹി-പാറ്റ്ന AI2521 വിമാനത്തിൽ എയർ കണ്ടീഷൻ പ്രവർത്തിക്കുന്നില്ല. നൂറുകണക്കിന് യാത്രക്കാർ ഈ കൊടും ചൂടിൽ വിമാനത്തിൽ കഴിഞ്ഞത് മൂന്ന് മണിക്കൂറാണ്! മുൻ എംഎൽഎയായ എന്റെ അളിയന് സുഖമില്ലാതായി! ദയവായി ഇത് ശരിയാക്കാമോ?"
എയർ ഇന്ത്യ അദ്ദേഹത്തിന് മറുപടി നൽകി- "പ്രിയപ്പെട്ട ഝാ, ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകി. സഹായം നൽകാൻ ഞങ്ങളുടെ ടീമിനെ അറിയിച്ചിട്ടുണ്ട്"
വിമാനത്തിന്റെ എസി തകരാറിലായതായി അധികൃതർ അറിയിച്ചു. പിന്നീട് മറ്റൊരു വിമാനത്തിലേക്ക് യാത്രക്കാരെ മാറ്റി. മൂന്ന് മണിക്കൂർ യാത്രക്കാരെ ദുരിതത്തിലാക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടതെന്ന് റിഷി മിശ്ര അറിയിച്ചു.


