ജൂണിൽ പിലിഭിത്ത് ഡിഎം ഗ്യാനേന്ദ്ര സിംഗ് ബേസിക് ശിക്ഷ അധികാരി (ബിഎസ്എ) അമിത് കുമാർ സിങ്ങിനോട് ക്ലാസ് മുറികളിൽ ഫർണിച്ചറുകളുടെ അഭാവമുണ്ടെന്ന് അധ്യാപകർ പരാതിപ്പെട്ടതോടെയാണ് മാറ്റമുണ്ടായത്.
പിലിഭിത്ത്: ഉത്തർപ്രദേശിലെ പിലിഭിത്തിൽ സ്കൂളുകളിൽ ബെഞ്ചും ഡസ്കും ലഭിച്ചു. ജില്ലയിലെ നൂറുകണക്കിന് സർക്കാർ പ്രൈമറി സ്കൂളുകളിലെ 90,000-ത്തിലധികം കുട്ടികൾക്കാണ് ഇരിക്കാൻ ബെഞ്ചും ഡെസ്കും ലഭിച്ചത്. ആദ്യമായാണ് സ്കൂളുകളിൽ ബെഞ്ചും ഡെസ്കും ലഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. തറയിലും മരച്ചുവട്ടിലുമായിരുന്നു ഇത്രയും കാലം കുട്ടികളുടെ വിദ്യാഭ്യാസം. ജൂണിൽ പിലിഭിത്ത് ഡിഎം ഗ്യാനേന്ദ്ര സിംഗ് ബേസിക് ശിക്ഷ അധികാരി (ബിഎസ്എ) അമിത് കുമാർ സിങ്ങിനോട് ക്ലാസ് മുറികളിൽ ഫർണിച്ചറുകളുടെ അഭാവമുണ്ടെന്ന് അധ്യാപകർ പരാതിപ്പെട്ടതോടെയാണ് മാറ്റമുണ്ടായത്. സർക്കാർ ഫണ്ടിന്റെ അഭാവമാണ് സ്കൂളുകളിൽ ഫർണിച്ചർ ലഭ്യമാകാതിരിക്കാൻ കാരണമെന്ന് മനസ്സിലാക്കിയ ഡിഎം, ഫർണിച്ചറുകൾ വാങ്ങാൻ ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടുകൾ ഉപയോഗിക്കാൻ ഭരണകൂടത്തോട് നിർദ്ദേശിച്ചു.
സംസ്ഥാനമെമ്പാടുമുള്ള പ്രൈമറി സ്കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താൻ യുപി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, ക്ലാസ് മുറികളിൽ ഫർണിച്ചറുകളുടെ അഭാവം ഈ ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്നു. ഡെസ്കുകളുടെയും കസേരകളുടെയും ലഭ്യത സർക്കാരിന്റെ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വലിയ ഉത്തേജനം നൽകുന്നതിനും സഹായിക്കുമെന്നും ഡിഎം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വികസന ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ് മുറികൾ ഒരുക്കിയ ബെഞ്ചുകളുടെയും ഡെസ്കുകളുടെയും നടത്തിപ്പിന്റെ ചുമതല പഞ്ചായത്ത് രാജ് വകുപ്പിനെ ഏൽപ്പിച്ചു.
ഇതുവരെ 925 പ്രൈമറി സ്കൂളുകൾക്ക് കസേരകളും മേശകളും ലഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള സ്കൂളുകൾക്ക് ഒരു ആഴ്ചയ്ക്കുള്ളിൽ അവ ലഭിക്കും. ഒരു സ്കൂളിന് ഏകദേശം ഒരു ലക്ഷം രൂപ വിലവരുമെന്നും ബിഎസ്എ കൂട്ടിച്ചേർത്തു. ബിഎസ്എയുടെ കണക്കനുസരിച്ച്, പിലിഭിത്ത് ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളുകളിൽ 95,532 കുട്ടികളും 284 അപ്പർ പ്രൈമറി സ്കൂളുകളിലായി 66,772 കുട്ടികളും പഠിക്കുന്നുണ്ട്.
