ദില്ലിയിൽ ഹോട്ടലിൽ തീപിടിച്ചു 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ. ലോകേഷ് ബജാജ് ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ സൗത്ത് ദില്ലിയിലെ മാളവ്യ ന​ഗറിലുള്ള ഹോട്ടലിനാണ് തീപിടിച്ചത്. അനധികൃതമായാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ. 

ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിലായി. ലോകേഷ് ബജാജ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് സ‍ർക്കുലർ പുറത്തിറക്കിയിരുന്നു. ഇയാളുടെ വീടുകളടക്കം ഒന്നിലധികം സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹോട്ടലിന് ഫയ‍ർ സേഫ്റ്റി ക്ലിയറൻസ് ഉണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ കൂടുതൽ നിലകൾ നിർമിച്ചാണ് ഹോട്ടൽ പ്രവ‍ർത്തിച്ചിരുന്നതെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗത്ത് ദില്ലിയിലെ മാളവ്യ ന​ഗറിലുള്ള ഹോട്ടലാണ് അ​ഗ്നിക്കിരയായത്. ബുധനാഴ്ച രാവിലെ ആണ് സംഭവം. മരണപ്പെട്ടവരിൽ 18 പേർ വിദേശ പൗരന്മാരാണ്. ആഫ്രിക്കൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ പൗരന്മാരാണ് മരണപ്പെട്ടവരിൽ ഉൾപ്പെടുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം അതത് എംബസികളുമായി ബന്ധപ്പെട്ടുവരികയാണ്.

ഒറ്റനില മാത്രമായിരുന്ന കെട്ടിടത്തിൽ കൂടുതൽ നിലകൾ പണിതെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നില്ല. ആറ് മുറികൾക്ക് മാത്രം അനുമതി ഉള്ളന്നിരിക്കെ, 24 മുറികളാണ് ഹോട്ടലിൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിൻ്റെ ഉടമ ലോകേഷ് ബജാജ് ആണെങ്കിലും ടൂറിസം വകുപ്പിൻ്റെ ലൈസൻസ് ജയ് മിശ്ര എന്നയാളുടെ പേരിലാണ് അനുവദിച്ചിരിക്കുന്നത്. മൂന്നുപേർ ചേർന്നാണ് ​ഹോട്ടൽ നടത്തിയിരുന്നത്. ഇവർക്ക് ദില്ലിയിലുടനീളം മറ്റിടങ്ങളിലും ഹോട്ടലുകളും ​ഗസ്റ്റ് ഹൗസുകളും ഉണ്ടെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

മാളവ്യ ന​ഗറിലെ ദ പ്രസ് എൻക്ലേവ് റോഡിലുള്ള ഹോട്ടലിനാണ് തീപിടിച്ചത്. ഇതടക്കം നിരവധി ഹോട്ടലുകളും ​ഗസ്റ്റ് ഹൗസുകളും ഈ മേഖലയിലുണ്ട്. സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരാണ് ഹോട്ടലുകളിലെ പ്രധാന താമസക്കാർ. ഇതിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നുണ്ട്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ നരഹത്യക്കുറ്റത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലി ലഫ്. ​ഗവർണർ രാജ്യതലസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളിലും പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.