ബെംഗളുരു മെട്രോയിൽ സ്ത്രീകളുടെ രഹസ്യ വീഡിയോ ചിത്രീകരണവും ടെലഗ്രാമിലൂടെയുള്ള വിൽപ്പനയും പുറത്ത്. മെട്രോ ചിക്സ് എന്ന ഇൻസ്റ്റഗ്രാം പേജിനും ടെലഗ്രാം ചാനലിനുമെതിരെ പൊലീസ് കേസെടുത്തു
ബെംഗളുരു: മെട്രോ ട്രെയിനിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്ന പേജിനെതിരെ അന്വേഷണം. ബെംഗളുരു മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ഇൻസ്റ്റ പേജിനെതിരെയാണ് അന്വേഷണം. മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന മെട്രോ ചിക്സ് എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്ബെംഗളുരു പൊലീസ് കേസെടുത്തത്. ഇതിനൊപ്പം ദൃശ്യങ്ങൾ വിൽക്കാൻ ടെലഗ്രാം ചാനലുമുണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് വീഡിയോ വിൽക്കാറുണ്ടായിരുന്നത്. ഇപ്പോൾ ഇൻസ്റ്റ പേജിന്‍റെ പേരും അതിലെ ചിത്രങ്ങളും വീഡിയോകളും മാറ്റിയ നിലയിലാണ്. പേജിനൊപ്പം നൽകിയിരുന്ന ടെലഗ്രാം ചാനലും പൂട്ടിയ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വിശദവിവരങ്ങൾ ഇങ്ങനെ
ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലെത്തിയതാണ് കേസിന് അടിസ്ഥാനമായത്. യാത്രക്കാരുടെ അനുമതിയില്ലാതെയൊണ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. പരാതികൾ ഉയര്‍ന്നതോടെ, അജ്ഞാത സംഘത്തിനെതിരെ പൊലീസ് കേസെടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. നമ്മ മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ പൊതുജനരോഷം ഉയർന്നിരുന്നു. 'ബാംഗ്ലൂർ മെട്രോ ചിക്സ്' എന്ന പേരിലുള്ള പേജിന് നിരീക്ഷണത്തിലാകുന്നതിന് മുമ്പ് 5,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. കേസെടുത്തതിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്ന് എല്ലാ ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ മെട്രോ കോച്ചുകൾക്കുള്ളിലും പ്ലാറ്റ്‌ഫോമുകളിലുമായി എടുത്തവയാണ്. ഫോട്ടോകളിൽ ഉൾപ്പെട്ട സ്ത്രീകൾ അവരുടെ ചിത്രീകരിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരാൾ ഈ അക്കൗണ്ട് ഫ്ലാഗ് ചെയ്ത് ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്ത പോസ്റ്റിടുകയായിരുന്നു. പോസ്റ്റിൽ അടിയന്തിര നടപടി വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ വിഷയം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പൊലീസ് സ്വമേഥയാ കേസ് എടുക്കുകയായിരുന്നു.


