അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സുത്രധാരനായ മുഹമ്മദ് സലിം ദോല തുർക്കിയിൽ താമസിച്ചുവന്നത് വ്യാജ പേരിൽ. ഹംസ എന്ന പേരിലുള്ള ബൾഗേറിയൻ പാസ്പോർട്ട് ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്. പാസ്പോർട്ടിൻ്റെ സാധുത സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. 

ദില്ലി: ഇന്ത്യയിലേക്ക് നാടുകടത്തിയ രാജ്യാന്തര മയക്കുമരുന്ന് കടത്ത് സൂത്രധാരൻ മുഹമ്മദ് സലിം ദോല തുർക്കിയിൽ താമസിച്ചുവന്നത് 'ഹംസ' എന്ന വ്യാജ പേരിലെന്ന് റിപ്പോർട്ട്. തന്നെ തിരിച്ചറിയാതിരിക്കാൻ ഹംസ എന്ന പേരിലുള്ള ബൾഗേറിയൻ പാസ്പോർട്ട് ആണ് ഇയാൾ ഉപയോഗിച്ചതെന്നാണ് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട്. സാധുവായ പാസ്പോർട്ടാണോ ഇതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള സലിം ദോലയ്ക്ക് നിലവിൽ 59 വയസ്സാണ് പ്രായം. ദാവൂദുമായുള്ള ബന്ധത്തെ തുടർന്നാണ് ദോല രാജ്യാന്തര മയക്കുമരുന്ന് കടത്തുകാരനിലേക്ക് വളരുന്നത്. മുംബൈയിൽ ജനിച്ച ഇയാൾ, 2012ൽ 80 കിലോഗ്രാം കഞ്ചാവുമായാണ് ആദ്യമായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ പിടിയിലാകുന്നത്. പിന്നീട് 2018ൽ ഇയാളെ 100 കിലോഗ്രാം ഫെൻ്റനൈലുമായും പിടികൂടി. എന്നാൽ പരിശോധനയിൽ ചില ഫെൻ്റനൈൽ സാംപിളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സലിം ദോലയ്ക്ക് ജാമ്യം ലഭിച്ചു. തുടർന്ന് യുഎഇയിലേക്ക് കടന്നുകളഞ്ഞ ഇയാൾ, അതിനുശേഷം വ്യാജ പാസ്പോർട്ട് ഉപയോഗിച്ചു തുർക്കിയിലേക്കും കടന്നു.

തുർക്കിയിലെ അറസ്റ്റ്

2024 മാർച്ചിൽ ഇന്ത്യയുടെ അഭ്യർഥന പ്രകാരം ഇൻ്റർപോൾ പുറത്തിറക്കിയ റെഡ് കോർണർ നോട്ടീസിനെ തുടർന്ന് ടർക്കിഷ് ഇൻ്റലിജൻസ് ഏജൻസിയും ബെയ്‌ലിക്‌ഡുസു പോലീസും സംയുക്തമായ നടത്തിയ നീക്കത്തിലാണ് സലിം ദോലയെ അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് സലിം ദോലയയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. നിലവിൽ എൻസിബിയുടെ കസ്റ്റഡിയിലാണ് ഇയാൾ.

വർഷങ്ങളായി പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ് എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് രാജ്യാന്തര മയക്കുമരുന്ന് സിൻഡിക്കേറ്റ് സ്ഥാപിച്ചായിരുന്നു സലിം ദോലയുടെ പ്രവർത്തനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്ന് ഹെറോയിൻ, ചരസ്, മെഫിഡ്രോൺ, മാന്ത്രാക്സ്, മെത്താഫിറ്റമിൻ എന്നിവ വലിയ തോതിൽ പിടികൂടിയ സംഭവങ്ങളിൽ സലിം ദോലയ്ക്ക് പങ്കുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.