എഎപി വിട്ട് ബിജെപിയിലെത്തിയ സന്ദീപ് പഥക് എംപിക്കെതിരെ കേസെടുത്തു പഞ്ചാബ് പോലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് നടപടി. പഞ്ചാബിലെ വ്യത്യസ്ത ജില്ലകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെ വിമർശിച്ച് ബിജെപിയും ശിരോമണി അകാലി ദളും. 

ചണ്ഡീഗഡ്: എഎപി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ പഞ്ചാബിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളിലാണ് പഞ്ചാബ് പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സന്ദീപ് പഥക് അടക്കം എഎപിയുടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയുടെ ഭാഗമായതിന് പിന്നാലെ ആണ് എഎപി ഭരിക്കുന്ന പഞ്ചാബിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. സന്ദീപിനെതിരായ കേസ് രാഷ്ട്രീയ വേട്ടയാടൽ എന്ന് വിമർശിച്ച് ബിജെപിയും ശിരോമണി അകാലി ദളും രംഗത്തെത്തി.

പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ എഎപി സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി പഞ്ചാബ് വർക്കിങ് പ്രസിഡൻ്റ് അശ്വിനി ശർമ വിമർശിച്ചു. പഞ്ചാബിൽ ഒരു നിയമവുമില്ല, രാഷ്ട്രീയ വേട്ടയാടലാണ് നിലവിലുള്ളത്. ഭഗവന്ത് മന്നിൻ്റെയും കെജ്രിവാളിൻ്റെയും ഭയം പുറത്തുവന്നിരിക്കുന്നു. എഎപി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സന്ദീപ് പഥക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കെജ്രിവാളും ഭഗവന്ത് മന്നും പോലീസിനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പഞ്ചാബിനെ പോലീസിന് സ്റ്റേറ്റാക്കി മാറ്റുകയാണെന്നും അശ്വിനി ശർമ കുറ്റപ്പെടുത്തി. പാർട്ടി വിട്ടവരെ എഎപി തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുകയാണെന്ന് അകാലി ദൾ ജനറൽ സെക്രട്ടറി ബിക്രമം സിങ് മജിതിയ ആരോപിച്ചു. പാർട്ടി മാറിയ ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുന്നത് വേട്ടയാടൽ രാഷ്ട്രീയത്തിലേക്കുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഏത് സംഭവത്തിലാണ് സന്ദീപ് പഥക്കിനെതിരെ കേസെടുത്തതെന്ന കാര്യത്തിൽ വ്യക്തതയില്ല. സന്ദീപ് പഥക് നിലവിൽ ഡൽഹിയിലാണ് ഉള്ളത്. ഡൽഹിയിലെ വസതിയിൽനിന്ന് വാഹനത്തിൽ പുറത്തേക്ക് പോകവെ കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. സന്ദീപ് പഥക്കിന് പുറമേ, രാഘവ് ചദ്ദ, സ്വാതി മലിവാൾ, രജിന്ദർ ഗുപ്ത, വിക്രംജിത് സിങ് സാഹ്നി, ഹർബജൻ സിങ്, അശോക് മിത്തൽ എന്നിവരാണ് എഎപി വിട്ടതും ബിജെപിയിൽ ചേർന്നതും.