ദില്ലി: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‍സെ ദേശഭക്തനാണെന്ന് നിലപാടെടുത്ത ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെ ശാസിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ ലോക്സഭാ സ്പീക്കർ ഇന്ന് തീരുമാനം എടുത്തേക്കും. രാഷ്ട്രപിതാവിനെ അപമാനിച്ച അംഗത്തിനെ ശാസിക്കണം എന്നാണ് പ്രതിപക്ഷം പ്രമേയത്തിൽ പറയുന്നത്. ഒപ്പം മാപ്പ് പറയുന്നത് വരെ സഭയിൽ നിന്ന് പിൻവാങ്ങാൻ നിർദ്ദേശിക്കണം എന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. പ്രമേയം പരിഗണിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെടാനാണ് കോൺഗ്രസ് തീരുമാനം. 

ബുധനാഴ്ച നടന്ന എസ്പിജി നിയമഭേദഗതി ബില്ലിന്‍റെ ചര്‍ച്ചക്കിടെയാണ് പ്രഗ്യാ സിംഗ് തന്‍റെ വിവാദ നിലപാട് ആവര്‍ത്തിച്ചത്. ഗോഡ്സെ എന്തിനാണ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് എന്ന് വിശദീകരിക്കാന്‍ ശ്രമിച്ച ഡിഎംകെ അംഗം എ രാജയുടെ പ്രസംഗത്തിനിടെയാണ് എതിര്‍പ്പുമായി പ്രഗ്യ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ പ്രഗ്യയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയിരുന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശപ്രകാരമാണ് പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കിയത്. 

Read Also: 'ദേശഭക്ത്' എന്ന് പ്രഗ്യ പറഞ്ഞത് ഗോഡ്സെയെ അല്ല എന്ന് കേന്ദ്രമന്ത്രി, ലോക്സഭാ രേഖയിൽ നിന്ന് നീക്കി

സംഭവം വിവാദമായതോടെ ബിജെപി പ്രഗ്യയോട് വിശദീകരണം ആവശ്യപ്പെടുകയും അപലപിക്കുകയും ചെയ്തിരുന്നു. പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം അപലപനീയമെന്ന് ബിജെപി പ്രവർത്തനാദ്ധ്യക്ഷൻ ജെ പി നദ്ദ പ്രതികരിച്ചു. ബിജെപി ഇത്തരം പരാമർശങ്ങളെ അനുകൂലിക്കുന്നില്ലെന്നും പാർട്ടി, ഭരണതലങ്ങളിൽ പ്രഗ്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നദ്ദ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി പ്രതിരോധ സമിതിയിൽ നിന്ന് പ്രഗ്യയെ ഒഴിവാക്കി. പാർട്ടിയുടെ പാർലമെന്‍ററി സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും പ്രഗ്യയെ ഒഴിവാക്കിയിട്ടുണ്ട്.

Read Also: ഗോഡ്സെ 'ദേശഭക്തനെ'ന്ന പരാമർശം: പ്രഗ്യയെ പ്രതിരോധ സമിതിയിൽ നിന്ന് നീക്കി

ഗോഡ്സെയെ പ്രഗ്യ ഇതാദ്യമായല്ല വാഴ്‍ത്തുന്നത്. ഗോഡ്സെ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത്. ഗോഡ്സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിംഗിന്‍റെ പ്രസ്താവന.

Read Also: മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്സേ ദേശസ്നേഹിയായിരുന്നു, ആണ്, ആയിരിക്കും: പ്രഗ്യ സിങ് ഠാക്കൂർ