ഫിസിക്കൽ ടെസ്റ്റിന് പരിശോധനയ്ക്ക് എത്തിയ ഒരു ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് വലിയ തട്ടിപ്പ് കണ്ടെത്തുന്നതിലേക്ക് എത്തിയത്. 

ഭോപ്പാൽ: മദ്ധ്യപ്രദേശ് പൊലീസ് കോൺസ്റ്റബിൽ റിക്രൂട്ട്മെന്റ് പരീക്ഷയിൽ നടന്ന വൻ തട്ടിപ്പ് പുറത്തായി. രണ്ട് വർഷം മുമ്പ് നടന്ന പരീക്ഷയിൽ ഉദ്യോഗാർത്ഥികളുടെ ആധാറിലെ ഫോട്ടോയും വിരലടയാളങ്ങളും വരെ മാറ്റിയാണ് ഗുരുതരമായ ക്രമക്കേടുകൾ നടത്തിയത്. പ്രത്യേക സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പരീക്ഷയിൽ മാത്രം നടന്നിരിക്കാൻ സാധ്യതയുള്ള തട്ടിപ്പായിരിക്കില്ല ഇതെന്ന് മനസിലാക്കി അന്വേഷണം കൂടുതൽ വിപുലമാക്കിയിരിക്കുകയാണ് അധികൃതർ.

നേരത്തെ നടന്ന പരീക്ഷയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ശാരീരികക്ഷമത പരിശോധനയും നടന്നു. ഇതിനിടെയാണ് ചില ഉദ്യോഗാർത്ഥികളുടെ ആധാർ വിവരങ്ങൾ അടിക്കടി പല തവണ അപ്ഡേറ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. ഇതിന് പിന്നാലെ വിശദമായ അന്വേഷണം നടത്തി. ഉദ്യോഗാർത്ഥികളുടെ ആധാർ വിവരങ്ങളിൽ എന്ത് മാറ്റമാണ് വന്നതെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒടുവിൽ ചെന്നെത്തിയതാവട്ടെ ആ‌ധാ‌ർ എൻറോൾമെന്റ് സെന്ററുകൾ വരെ ഉൾപ്പെട്ട വൻ തട്ടിപ്പിലേക്ക്.

പരീക്ഷയെഴുതുന്നതിന് മുമ്പ് നിരവധി ഉദ്യോഗാർത്ഥികൾ തങ്ങളുടെ ആധാർ ഫോട്ടോയും വിരലടയാളങ്ങളും പരിഷ്കരിച്ചതായി കണ്ടെത്തി. സോൾവേഴ്സ് ഗ്യാങ് എന്നറിയപ്പെടുന്ന ഒരു സംഘത്തിലെ അംഗങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പകരം ആളുകളെ വിട്ട് പരീക്ഷയെഴുതി പാസാക്കി കൊടുക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടത്രെ. ഈ സംഘത്തിലെ ആളുകളുടെ ഫോട്ടോകളും വിരലടയാളങ്ങളുമാണ് ആ‌ധാർ അപ്ഡേറ്റ് ചെയ്ത് കയറ്റിയത്.

എന്നാൽ പരീക്ഷ എഴുതി കഴിയുന്നതോടെ ഈ സംഘത്തിന്റെ പ്രവർത്തനം അവസാനിക്കും. ഫിസിക്കൽ ടെസ്റ്റിൽ ഉദ്യോഗാർത്ഥികൾ തന്നെയാണ് പങ്കെടുക്കേണ്ടത്. ഇതിന് മുന്നോടിയായി വീണ്ടും ആധാർ അപ്ഡേറ്റ് ചെയ്ത് സ്വന്തം ഫോട്ടോയും വിരലടയാളങ്ങളും ചേ‍ർക്കും. ഇതിനായാണ് അടിക്കടി ആധാർ അപ്ഡേഷനുകൾ നടന്നതെന്ന് കണ്ടെത്തി.

7411 തസ്തികകളിലേക്ക് നടന്ന പരീക്ഷയിൽ 9,67,118 പേരാണ് അപേക്ഷ സമർപ്പിച്ചത്. 2023 ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെ വിവിധ ഘട്ടങ്ങളായി നടന്ന പരീക്ഷ ഇവരിൽ 6,52,057 പേർ എഴുതി. 2024 മാർച്ച് ഏഴിനാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ആകെ 58,000 പേരെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. ഇവർക്കായാണ് കഴിഞ്ഞ വർഷം നവംബർ 18 മുതൽ 20 വരെ ഫിസിക്കൽ ടെസ്റ്റ് നടത്തിയത്. ഇതിൽ നിന്ന് 7411 ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തു.

മദ്ധ്യപ്പദേശിലെ വിവിധ ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾ ഈ പരീക്ഷാ തട്ടിപ്പ് സംവിധാനം ഉപയോഗപ്പെടുത്തി എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബിതർവർ, മൊറീന, ഷിയോപൂർ എന്നിവിടങ്ങളിലെ ആധാർ എൻറോൾമെന്റ് സെന്ററുകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടന്നത്. ഈ സെന്ററുകളിൽ വെച്ച് ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടാനുസരണം ആധാർ അപ്ഡേറ്റ് ചെയ്ത് വ്യാജന്മാരുടെ ഫോട്ടോയും വിരലടയാളങ്ങളും ചേർക്കാൻ അവസരം ലഭിച്ചു. പലഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ ഒരാൾ തന്നെ ആറ് പേർക്ക് വേണ്ടി വരെ പരീക്ഷയെഴുതിയിട്ടുണ്ട്. 

ബിഹാറിൽ നിന്നുള്ളവരായിരുന്നു പരീക്ഷയെഴുതിക്കൊടുത്ത സംഘത്തിലെ അംഗങ്ങൾ. ഓരോ ഉദ്യോഗാർത്ഥിക്കും നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇവ‍ർ വാങ്ങി. ആധാർ സെന്റർ ജീവനക്കാരും വ്യാജ ഉദ്യോഗാർത്ഥികളും ഉൾപ്പെടെ ഇരുപത് പേർ ഇതുവരെ അറസ്റ്റിലായി. നൂറോളം പേർക്കെതിരെ അന്വേഷണം നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മെഡിക്കൽ, റെയിൽവെ നിയമനങ്ങളിലും സമാനമായ തട്ടിപ്പുകൾ നടന്നതായി സംശയിക്കുന്നുണ്ട്. ഒരു ആധാർ സെന്റർ ജീവനക്കാരൻ മാത്രം നൂറോളം പേരുടെ ആധാർ വിവരങ്ങൾ മാറ്റിയതായി മൊഴി നൽകുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം