തമിഴ്നാട്ടിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 94.31 ശതമാനമാണ് വിജയം. പെൺകുട്ടികളുടെ വിജയശതമാനം 96.47 ഉം ആൺകുട്ടികളുടെ വിജയശതമാനം 92.15 ആണ്. ആകെ ഒൻപത് ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ചെന്നൈ: തമിഴ്നാട്ടിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 94.31 ശതമാനമാണ് വിജയം. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമാണിത്. രാവിലെ 9:30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളായ tnresults.nic.in, dge.tn.gov.in, results.digilocker.gov.in എന്നിവയിൽ ഫലം ലഭ്യമായി.

ആൺകുട്ടികളേക്കാൾ പെൺകുട്ടികൾക്കാണ് ഉയർന്ന വിജയ ശതമാനം. പരീക്ഷയെഴുതിയ 96.47 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയ ശതമാനം 92.15 ആണ്.
സംസ്ഥാനത്തെ 5,171 സ്കൂളുകൾ നൂറുമേനി വിജയം നേടി. 8.82 ലക്ഷം റെഗുലർ വിദ്യാർഥികളും 26,196 പ്രൈവറ്റ് വിദ്യാർഥികളുമടക്കം 9.09 വിദ്യാർഥികളാണ് പത്താം ക്ലാസ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. മാർച്ച് 11 മുതൽ ഏപ്രിൽ ആറുവരെയാണ് പരീക്ഷ നടന്നത്.
എസ്എസ്എൽസി ഫലം എങ്ങനെ പരിശോധിക്കാം?
- tnresults.nic.inൽ പ്രവേശിക്കുക.
- ഹോം പേജിലെ 'Class 10th SSLC result 2026' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ലോഗിൻ വിൻഡോയിൽ പരീക്ഷാ റോൾ നമ്പർ/രജിസ്റ്റർ നമ്പർ, ജനനത്തീയതി, കാപ്ച കോഡ് എന്നിവ നൽകുക.
- സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- മാർക്ക് ഷീറ്റിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം 93.80 ശതമാനമായിരുന്നു വിജയം. 2024ൽ 91.55 ശതമാനവും 2023ൽ 91.39 ശതമാനവും 2022ൽ 90.07 ശതമാനവും ആയിരുന്നു വിജയം. സംസ്ഥാനത്ത് 2021ലും 2020ലും നൂറുശതമാനമായിരുന്നു വിജയം. ഇക്കഴിഞ്ഞ 15ന് കേരളത്തിലെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് 99.07 ആണ് വിജയ ശതമാനം. പരീക്ഷ എഴുതിയ 4,14,290 വിദ്യാര്‍ഥികളിൽ 4,10,456 വിദ്യാര്‍ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. മാർച്ച് അഞ്ചുമുതൽ 30 വരെയായിരുന്നു പരീക്ഷ നടന്നത്.


