അമേരിക്കയിൽനിന്ന് ഇതുവരെ 4600ലധികം ഇന്ത്യക്കാരെ നാടുകടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ ആണ് കണക്കുകൾ വെളിപ്പെടുത്തിയത്. ഈ വർഷം ഇതുവരെ 1,076 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായും അദ്ദേഹം അറിയിച്ചു. 

ദില്ലി: അമേരിക്കയിൽനിന്ന് കഴിഞ്ഞ 17 മാസത്തിനിടെ 4600ലധികം ഇന്ത്യക്കാരെ നാടുകടത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഡോണാൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള കണക്കുകളാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ വെളിപ്പെടുത്തിയത്. ഈ വർഷം ഇതുവരെ 1,076 ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തിയെന്നും കഴിഞ്ഞ വ‍‍ർഷം നാടുകടത്തിയ ഇന്ത്യൻ പൗരന്മാരുടെ എണ്ണം 3,567 ആണെന്നും മാധ്യമപ്രവ‍ർത്തകരുടെ ചോദ്യത്തോട് രൺദീർ ജയ്സ്വാൾ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ കുടിയേറ്റം, യാത്രാസൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. അമേരിക്ക നിയമവിരുദ്ധമായ കുടിയേറ്റം അടിച്ചമർത്തുന്നതിലും തടയുന്നതിലുമാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ നിയമപരമായ കുടിയേറ്റത്തെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും രൺദീർ ജയ്സ്വാൾ അറിയിച്ചു.

അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ചവരെയോ വിസാ കാലാവധി കഴിഞ്ഞും അവിടെ തുടരുന്നവരെയോ മതിയായ രേഖകളില്ലാതെ താമസിക്കുന്നവരെയോ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ സർക്കാരുമായി ചേർന്ന് ഇന്ത്യൻ സർക്കാർ സജീവമായി പ്രവർത്തിച്ചുവരികയാണെന്നും രൺദീർ ജയ്സ്വാൾ അറിയിച്ചു. നാടുകടത്താനായി അമേരിക്കൻ അധികൃതർ നൽകുന്ന വ്യക്തികളുടെ പട്ടിക ബന്ധപ്പെട്ട ഇന്ത്യൻ ഏജൻസികൾ സൂക്ഷ്മമായി പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ പൗരന്മാരാണെന്ന് കൃത്യമായി ബോധ്യപ്പെട്ടവരെ മാത്രമേ ഇന്ത്യയിലേക്ക് തിരികെ സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

അമേരിക്കയിൽ ഡോണാൾഡ് ട്രംപ് അധികാരമേറിയ ശേഷം അനധികൃത കുടിയേറ്റക്കാ‍ർക്കെതിരായ നടപടി കടുപ്പിക്കുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. ട്രംപിന് കീഴിൽ അമേരിക്കൻ കുടിയേറ്റ ഏജൻസികൾ നടത്തിയ നടപടികൾക്കിടെ, ഏകദേശം 30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാ‍‌ർ അമേരിക്ക വിട്ടുവെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർ‌ട്ട്മെൻ്റിൻ്റെ കണക്ക്. ഇതിൽ 22 ലക്ഷത്തോളം കുടിയേറ്റക്കാർ സ്വയം നാടുവിട്ടപ്പോൾ ഏഴ് ലക്ഷത്തോളം പേരെ അതത് രാജ്യങ്ങളിലേക്ക് നാടുകടത്തുകയായിരുന്നു.